റിട്ട എസ്.ഐയുടെ കൊല: പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടയാള്‍ പിടിയില്‍, എസ്‌എച്ച്‌ഒയ്ക്ക് സസ്പെന്‍ഷന്‍





കോട്ടയം: പ്രഭാതനടത്തിനിറങ്ങിയ റിട്ട.എസ്.ഐ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. ഇയാളെ ചൊവ്വാഴ്ച രാവിലെ മണര്‍ക്കാട് നിന്നുമാണ് പൊലീസ് പിടികൂടിയത്. റിട്ട എസ്‌ഐയുടെ കൊലപാതകത്തില്‍ സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്ത ആളാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടതും പിന്നീട് പിടിയിലായതും. സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്‌എച്ച്‌ഒ അനൂപ് ജോസിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

അടിച്ചിറയില്‍ പ്രഭാതസവാരിക്കിറങ്ങിയ റിട്ട എസ്‌ഐ മുടിയൂര്‍ക്കര പറയകാവില്‍ സിആര്‍ ശശീശധരനാണ് (62) തലയ്ക്ക് അടിയേറ്റ് കൊലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെയാണ് കോട്ടയം അടിച്ചിറ ഗേറ്റ് - മുടിയൂര്‍ക്കര റോഡില്‍ കണ്ണാമ്ബടം ഭാഗത്ത് ശശീധരനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊലപാതകത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ശശീധരന്‍റെ അയല്‍വാസിയായ കണ്ണാമ്ബടം ജോസഫ് കുര്യന്‍ എന്ന സിജുവിനെ (45) കസ്റ്റഡിയിലെടുത്തിരുന്നു. മുപ്പത് മണിക്കൂറിലേറെ ഇയാളെ സ്റ്റേഷനില്‍ വച്ച്‌ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ കൊലപാതകത്തെക്കുറിച്ച്‌ തനിക്ക് യാതൊന്നും അറിയില്ല എന്ന മൊഴിയില്‍ ഇയാള്‍ ഉറച്ചു നിന്നു.

ചോദ്യം ചെയ്യല്ലിനിടെയുള്ള ഇടവേളയില്‍ വൈകുന്നേരം ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച്‌ ഇയാള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടി. ഓടി പുറത്ത് എത്തിയ സിജു ആദ്യം കണ്ട ഓട്ടോയില്‍ കേറിയ സിജു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ ഇപ്പുറം വച്ച്‌ ഓട്ടോയില്‍ നിന്നും ഇറങ്ങിയോടി. തുടര്‍ന്ന് പ്രദേശത്തെ മൂന്ന് വീടുകളില്‍ ഓടി കയറി സിജു സഹായം അഭ്യാര്‍ത്ഥിച്ചെങ്കിലും അപരിചിതനായ ആള്‍ ഓടി വീടിനകത്ത് കയറിയത് കണ്ട് വീട്ടിലുള്ളവരെല്ലാം ഭയന്ന് നിലവിളിച്ചു ഇതോടെ ഇയാള്‍ പ്രദേശത്ത് നിന്നും രക്ഷപ്പെട്ടു.

പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് പ്രദേശത്തെല്ലാം അരിച്ചു പെറുകിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അജ്ഞാതനായ ആള്‍ വീടുകളില്‍ ഓടികയറിയതും പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയതും പ്രദേശത്ത് വാര്‍ത്തയായെങ്കിലും കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യല്ലിന് ശേഷം വിട്ടയച്ചതാണെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ പിന്നീട് ഇയാള്‍ ഓടിരക്ഷപ്പെട്ടതാണെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.

ഇന്ന് രാവിലെ പൊലീസ് സംഘം ഇയാളെ കണ്ടെത്തിയെങ്കിലും ഇയാള്‍ ഓടി ആറ്റില്‍ ചാടി. ഇയാളെ പിടികൂടാനായി പൊലീസും പിന്നാലെ ചാടിയെങ്കിലും ഇയാള്‍ തന്ത്രപൂര്‍വ്വം കരയ്ക്ക് കേറി പൊലീസുകാരുടെ ബൈക്കെടുത്ത് സ്ഥലം വിടുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ മണര്‍ക്കാട് വച്ച്‌ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ വെട്ടിയതാണ് ശശീധരന്‍റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത സിജു ശശീധരനടക്കം ചുറ്റുവട്ടത്തുള്ള അയല്‍വാസികളുമായെല്ലാം വിരോധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡില്‍ മതില്‍ കെട്ടുന്നതിനെ ചൊല്ലി ശശീധരനും സിജുവും തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

സിജുവിന്‍റെ വീട്ടില്‍ തിങ്കളാഴ്ഛ പകല്‍ മുഴുവന്‍ പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അയര്‍ലന്‍ഡിലുള്ള മകളുടെ അടുത്തേക്ക് അടുത്ത ദിവസം ശശീധരനും ഭാര്യയും പോകാനിരിക്കേയാണ് കൊലപാതകം.

ശശീധരന്‍ മരണപ്പെട്ട സ്ഥലത്ത് വച്ച്‌ നേരത്തെ രണ്ട് പേര്‍ക്കെതിരെ ആക്രമണമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ശശീധരന്‍റേയും സിജുവിന്‍റേയും അയല്‍വാസികളായ തോപ്പില്‍ ബേബിച്ചന്‍, ചെറുകര ചാക്കോ എന്നിവര്‍ക്കാണ് തലയ്ക്ക് അടിയേറ്റത്. എന്നാല്‍ രണ്ട് സംഭവങ്ങളും പൊലീസില്‍ അറിയിച്ചിരുന്നില്ല. ഇവിടെ വച്ച്‌ ആക്രമിക്കപ്പെട്ട മൂന്ന് പേരും സിജുവുമായി നല്ല ബന്ധമുള്ളവരല്ല.

ഏഴ് വര്‍ഷം മുന്‍പാണ് ഫര്‍ണിച്ചര്‍ വ്യാപാരിയായ ബേബിച്ചന് നേരെ ആക്രമണമുണ്ടായത്. രാത്രി ബൈക്കിലെത്തി വീടിന്‍റെ ഗേറ്റ് തുറക്കുന്നതിനിടെ പിന്നില്‍ നിന്നും തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് സ്കൂട്ടറിലേക്ക് വീട്ടിലേക്ക് വരുന്നതിനിടെയാണ് വഴിയരികില്‍ മറഞ്ഞു നിന്ന അജ്ഞാതന്‍ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിച്ചത്. അടിയേറ്റ ചാക്കോ വണ്ടിയില്‍ നിന്നും നിയന്ത്രണം തെറ്റി വീണു.

അടിയേറ്റ വീണപ്പോള്‍ ബോധം പോയതിനാല്‍ പിന്നെ എന്താണ് സംഭവിച്ചത് എന്ന് ചാക്കോയ്ക്ക് ഓര്‍മയില്ല. എന്നാല്‍ ചാക്കോയുടെ വീടിന്‍റെ കാര്‍പോര്‍ച്ചില്‍ കിടന്ന വാന്‍ കത്തി നശിച്ചു. ഇവരുടെ വീടിന്‍റെ ഗേറ്റിലും പരിസരത്തും മനുഷ്യവിസര്‍ജ്യം കവറില്‍ കെട്ടി വലിച്ചെറിയുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.