യു.എ.ഇ - യില്‍ വാട്‌സാപ്പ് കോള്‍ നിയന്ത്രണം മാറ്റാന്‍ സാധ്യത



ദുബായ്: വാട്‌സാപ്പ് കോള്‍ നിയന്ത്രണം യു.എ.ഇ എടുത്തുകളഞ്ഞേക്കും. മറ്റു രാജ്യങ്ങളില്‍ വാട്‌സാപ്പിന്‍റെ വോയ്‌സ്കോള്‍ സംവിധാനം ലഭ്യമാണ്. എന്നാല്‍ യു.എ.ഇ-യില്‍ മെസേജ് ചെയ്യാന്‍ മാത്രമാണ് നിലവില്‍ വാട്‌സാപ്പ് ലഭിക്കുന്നത്. ഇതിന് യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം എടുത്തുകളയാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.

ട്രാ ഇതുസംബന്ധിച്ച്‌ വാട്‌സാപ്പ് അധികൃതരുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. വാട്‌സാപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും യു.എ.ഇ ലൈസന്‍സുള്ള വോയ്‌സ് ആപ്പ് കോളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് വിളിക്കാന്‍ അംഗീകാരമുള്ള ബോട്ടീം ഉള്‍പ്പെടെയുള്ള വോയ്‌സാപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്തരം സൗകര്യങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് വാട്‌സാപ്പ് കോളുകള്‍ കൂടി അനുവദിക്കാന്‍ ഒരുങ്ങുന്നത്.