സൗദി മരുഭൂമിയില്‍ അന്‍ഷാദിന്റെ ആടുജീവിതം




അമ്ബലപ്പുഴ: കൂട്ടുകാരന്റെ ബന്ധു നല്‍കിയ വിസയിലാണ് അന്‍ഷാദ് രണ്ടുവര്‍ഷം മുമ്ബ് സൗദിയിലെ റിയാദിലെത്തിയത്. വീട്ടുജോലിയെന്ന് വിശ്വസിച്ച്‌ എത്തിയപ്പോള്‍ കിട്ടിയത് ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലി. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത ടെന്‍റില്‍ താമസം. കടുത്ത ജോലിഭാരത്തിനൊപ്പം സ്‌പോണ്‍സറുടെ ക്രൂരമര്‍ദനങ്ങളും. ഇതോടെ അന്‍ഷദ് പ്രാകൃതരൂപത്തിലായി. രക്ഷപ്പെടാനായി ഒരാഴ്ച മുമ്ബ് 90 കിലോമീറ്റര്‍ മരുഭൂമിയിലൂടെ നടന്ന് ഒരു പോലീസ് സ്റ്റേഷനിലെത്തി. പക്ഷേ, സ്‌പോണ്‍സറെ വിളിച്ചുവരുത്തി അയാള്‍ക്കൊപ്പം തിരിച്ചയക്കുകയായിരുന്നു പോലീസ്.

ബെന്യാമിന്റെ ആടുജീവിതം നോവലിലെ നജീബിന്റെയും ഹക്കീമിന്റെയും കഥയല്ലിത്. അമ്ബലപ്പുഴ കാക്കാഴം സ്വദേശി അന്‍ഷദിന്റെ ഈ ദുരിതകഥ വിവരിക്കുന്നത് വാപ്പ ജലാലുദ്ദീനും ഉമ്മ ലൈലയും ഭാര്യ റഷീദയുമാണ്. അന്‍ഷദിനെ റിയാദില്‍നിന്ന് മോചിപ്പിച്ച്‌ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി അവര്‍ അധികൃതരുടെ മുന്നില്‍ കേഴുകയാണ്. റിയാദിലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ഇന്ത്യന്‍ എംബസിയിലും സൗദി അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

ജീവിതത്തില്‍ എന്തെങ്കിലും നേടാമെന്ന പ്രതീക്ഷയിലാണ് കടംവാങ്ങിയ എണ്‍പതിനായിരം രൂപയ്ക്ക് വിസ സംഘടിപ്പിച്ച്‌ അന്‍ഷദ് സൗദിയിലേക്ക്‌ പോയത്. സൗദി പൗരന്റെ വീട്ടില്‍ അതിഥികള്‍ക്ക് ചായയും പലഹാരവും നല്‍കുന്ന ജോലിയാണെന്ന് വിശ്വസിപ്പിച്ചാണ് കൂട്ടുകാരന്റെ ബന്ധു വിസ നല്‍കിയത്. 2017 ഒക്ടോബര്‍ 18-നാണ് സൗദിയിലെത്തിയത്. അന്‍ഷാദ് പോകുന്ന സമയത്ത് ഭാര്യ റാഷിദ ഗര്‍ഭിണിയായിരുന്നു. മകന്‍ ഉമറുള്‍ ഫാറൂക്കിന് ഇപ്പോള്‍ രണ്ടുവയസായി. ഇതേവരെ വാപ്പ കുട്ടിയെ കണ്ടിട്ടില്ല.

താടി നീട്ടിവളര്‍ത്തിക്കണ്ടാല്‍ തിരിച്ചറിയാത്ത രൂപത്തിലാണിപ്പോള്‍ അന്‍ഷാദെന്ന് ഭാര്യ റാഷിദ പറയുന്നു. രണ്ടുവര്‍ഷമായി ശമ്ബളം ലഭിച്ചിട്ട്. സ്‌പോണ്‍സര്‍ കാണാതെ അന്‍ഷാദ് ഫോണില്‍ വിളിക്കുമ്ബോഴാണ് വീട്ടുകാര്‍ വിവരങ്ങള്‍ അറിയുന്നത്. നാലുമാസം മുമ്ബാണ് ഭാര്യയെ അവസാനമായി വിളിച്ചത്. സ്‌പോണ്‍സര്‍ ഫോണ്‍ പിടിച്ചുവച്ചിരിക്കുകയാണ്.

അന്‍ഷാദിനെ മോചിപ്പിച്ച്‌ നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കളും അമ്ബലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീറും അറിയിച്ചു.