എല്ലാ ആഗ്രഹങ്ങളും തകര്‍ന്നെന്ന് കരുതിയ നിമിഷം; രക്ഷകരായത് കേരളം പോലീസ്; യുവതിയുടെ അനുഭവക്കുറിപ്പ് വൈറല്‍





തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് പോകുന്ന വഴിക്ക് വച്ച്‌ തിരിച്ചറിയില്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ. അത്തരത്തില്‍ ഒരു അനുഭവമാണ് വീട്ടമ്മയായ ദീപ തന്റെ ഫേസ്‌ബുക്കിലൂടെ പങ്കു വയ്ക്കുന്നത്.

ആറാട്ടുപുഴ കള്ളിക്കാട് തകിടിയില്‍ വീട്ടില്‍ രാജേഷ് കുമാറിന്റെ ഭാര്യ ദീപയാണ് തന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞു ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടത്. കേരള പൊലീസ് ഔദ്യോഗിക പേജില് ഇക്കാര്യം പങ്ക് വച്ചിരിന്നു.

പി.എസ്.സി പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ തിരിച്ചറിയല്‍ രേഖകളടങ്ങിയ ദീപയുടെ പഴ്സ് എവിടെയോ നഷ്ടപ്പെട്ടു. സ്‌കൂട്ടറില്‍ തോട്ടപ്പള്ളി വരെ എത്തി അവിടെ സ്‌കൂട്ടര്‍ വച്ച്‌ ബസ്സിലാണ് ദീപ യാത്ര ചെയ്തത്. തിരിച്ചു പോകാതെ മറ്റ് വഴിയില്ലെന്ന് കണ്ട ദീപ ആലപ്പുഴ മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരോട് പരാതി പറഞ്ഞിട്ട് പോകാമെന്ന് കരുതി. പരാതി കേട്ട ഉടനെ അവിടത്തെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബിന്ദു പണിക്കര്‍ പരീക്ഷാ ഹാളിലെത്തി അധികൃതരോട് കാര്യങ്ങള്‍ ധരിപ്പിക്കുകയും മറ്റ് പൊലീസുകാരുടെ സഹായത്തോടെ തോട്ടപ്പള്ളിയിലെത്തി ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് കൊണ്ട് വന്നു കൊടുക്കുകയും ചെയ്തു.

ഒരുപാട് നാളത്തെ കഠിനാധ്വാനത്തിന് ശേഷമാണ് പരീക്ഷ എഴുതാന്‍ എത്തിയതെന്നായിരുന്നു പൊലീസിന് നന്ദി അറിയിച്ച ദീപ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ദീപ പറയുന്നു.

'നമ്മള്‍ പൊലീസുകാരെ കുറിച്ച്‌ കരുതുന്ന പോലെയല്ല. ഒരു പ്രശ്‌നത്തില്‍ ചെന്ന് പെട്ടപ്പോഴാണ് മനസ്സിലായത്, അവരുടെ നന്മയെകുറിച്ച്‌. ഈ കാലത്ത് ഇങ്ങനെയുള്ള ആള്‍ക്കാര്‍ ഉണ്ടാകുമോന്നു പോലും അറിയത്തില്ല. , പുറമെ നിന്നുള്ള കാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായി എനിക്കിന്ന് അവരെ ഒത്തിരി മനസ്സിലാക്കാന്‍ സാധിച്ചു. '

ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തിനായി ഏറെ നാളത്തെ കഠിനപ്രയത്‌നത്തിന് ശേഷം പരീക്ഷയ്ക്ക് തയ്യാറെടുത്ത് പരീക്ഷ സെന്ററില്‍ എത്തിയപ്പോഴാണ് തിരിച്ചറിയല്‍ രേഖകള്‍ അടങ്ങിയ തന്റെ പേഴ്സ് നഷ്ടപ്പെട്ട വിവരം ദീപ ഞെട്ടലോടെ മനസ്സിലാക്കിയത്. തിരിച്ചറിയല്‍ രേഖയില്ലാതെ പരീക്ഷ എഴുതാന്‍ കഴിയില്ല. മണി പന്ത്രണ്ടര കഴിഞ്ഞു. ഒന്നരയ്ക്കാണ് ഹാളില്‍ പ്രവേശിക്കേണ്ടത്. മടങ്ങിപ്പോകുക മാത്രമേ വഴിയുള്ളൂ.

നീര്‍ക്കുന്നം ഗവണ്മെന്റ് UP സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു ആറാട്ടുപുഴ കള്ളിക്കാട് തകിടിയില്‍ വീട്ടില്‍ രാജേഷ് കുമാറിന്റെ ഭാര്യ ദീപ. സ്‌കൂട്ടറില്‍ തൊട്ടപ്പള്ളിയില്‍ എത്തിയ ശേഷം അവിടെ സ്‌കൂട്ടര്‍ വച്ചിട്ട് വണ്ടാനം മെഡിക്കല്‍ കോളേജ് ബസില്‍ സ്‌കൂളിലേക്ക് എത്തുകയായിരുന്നു. യാത്രയ്ക്കിടയില്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, എ ടി എം കാര്‍ഡ് എന്നിവ അടങ്ങിയ പേഴ്സ് എവിടെയോ നഷ്ടപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളേജ് എയിഡ് പോസ്റ്റിലെ പോലീസുകാരോട് പരാതി പറഞ്ഞിട്ട് പോകാമെന്നു കരുതി. അവര്‍ നല്‍കിയ ധൈര്യവും ആത്മവിശ്വാസവും സഹായവും എത്രമാത്രമാണെന്ന് ദീപയ്ക്ക് പറയാന്‍ വാക്കുകളില്ല.

എയിഡ് പോസ്റ്റിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു പണിക്കര്‍ ഉടന്‍ തന്നെ പരീക്ഷാ സെന്ററില്‍ എത്തി പരീക്ഷാ ജീവനക്കാരോട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഈ സമയം, സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. കെ വിനില്‍ ദീപയോടൊപ്പം ബൈക്കില്‍ തൊട്ടപ്പള്ളിയിലേക്ക് തിരിച്ചു. ഇടയ്ക്ക് അമ്ബലപ്പുഴ വച്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് തന്റ വാഹനം ഇവര്‍ക്കായി വിട്ടുകൊടുത്തു. ഡ്രൈവര്‍ വിനോദും വിനിലും ദീപയും ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് പരീക്ഷയ്ക്ക് മുന്‍പ് തന്നെ സ്‌കൂളില്‍ എത്തി. ദീപ പരീക്ഷാ ഹാളിലേക്ക് കയറി ശേഷമാണ് പോലീസുകാര്‍ മടങ്ങിയത്.

പോലീസുദ്യോഗസ്ഥരുടെ സമയോചിതവും യുക്തിപൂര്‍വ്വവുമായ ഇടപെടല്‍ മൂലം പരീക്ഷ എഴുതാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ദീപ.