ചിറവക്ക്-കപ്പാലം സംസ്ഥാനപാത ഒരുമാസത്തേക്ക് അടച്ചിടും
തളിപ്പറമ്ബ്: റോഡ് വിപുലീകരണപ്രവൃത്തി നടത്താന്‍ ചിറവക്ക്-കപ്പാലം സംസ്ഥാനപാത ഡിസംബര്‍ ഒന്നുമുതല്‍ ഒരുമാസത്തേക്ക് അടച്ചിടും. ഇതുമായി ബന്ധപ്പെട്ട് തളിപ്പറമ്ബ് നഗരത്തില്‍ ഗതാഗതപരിഷ്കരണത്തിനും തീരുമാനമായി. റോഡ് വീതികൂട്ടി ടാര്‍ചെയ്യാനും വളവുകള്‍ നിവര്‍ക്കാനുമാണ് സംസ്ഥാനപാതയില്‍ പ്രവൃത്തിക്ക് നേരത്തേ തുടക്കമിട്ടത്.
ഇതിനായി നാട്ടുകാരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങിയിരുന്നു. സൗജന്യമായി പലരും സ്ഥലം വിട്ടുകൊടുത്തു. എന്നാല്‍ ജില്ലാ റബ്ബര്‍ മാക്കറ്റിങ് സൊസൈറ്റിയുടെ ചിറവക്ക് കവലയിലെ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നീക്കം തടയാന്‍ ഏതാനും വ്യാപാരികള്‍ കോടതിയെ സമീപിച്ചതോടെ പണി നിലച്ചു. റോഡിലെ ശുദ്ധജല പൈപ്പ് മാറ്റിയിടാനുള്ള നടപടികളും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു.
ഏഴുമാസത്തിലേറെയായി ഇതുവഴി ഗതാതതം താറുമാറായിട്ട്. ഒടുവില്‍ ജയിംസ് മാത്യു എം.എല്‍.എ. ഇടപെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നാണ് പ്രതിസന്ധികള്‍ തരണംചെയ്തത്. ചിറവക്കില്‍ റോഡ് അടച്ചിടുന്നതോടെ പ്രധാനമായും മലയോരമേഖലകളിലേക്കുള്ള യാത്രക്കാരാണ് വിഷമത്തിലാകുക.
പ്രശ്നപരിഹാരത്തിനായി മലയോരഭാഗത്തേക്കുള്ള ബസ്സുകള്‍ ബസ്‌സ്റ്റാന്‍ഡില്‍നിന്ന് മാര്‍ക്കറ്റ് റോഡ് വഴി തിരിച്ചുവിടും. ബസ് ഉടമകള്‍, വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേര്‍ന്നാണ് പരിഷ്കരണ തീരുമാനങ്ങളെടുത്തതെന്ന് നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ട്രാഫിക് എസ്.ഐ. കെ.വി.മുരളി, പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.പി.പ്രദീപന്‍, ഓവര്‍സിയര്‍ കെ.ടി.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വാഹനങ്ങള്‍ ഇതുവഴി പോകണം
ആലക്കോട് ഭാഗത്തുനിന്ന് തളിപ്പറമ്ബ് ബസ്‌സ്റ്റാന്‍ഡിലേക്കുള്ള ബസ്സുകള്‍ ചിന്മയ വിദ്യാലയം റോഡ്‌വഴിയാണെത്തേണ്ടത്. ശ്രീകണ്ഠപുരത്തുനിന്നുള്ള ബസ്സുകള്‍ മുയ്യം റോഡില്‍ കയറി തൃച്ചംബരം വഴിയും ബസ് സ്റ്റാന്‍ഡിലെത്തണം. ചെറുവാഹനങ്ങള്‍ക്ക് കോര്‍ട്ട് റോഡ് വഴി കടന്നുപോകാനും നിര്‍ദേശമുണ്ട്. നഗരത്തിലെ അനധികൃത പാര്‍ക്കിങ് മുഴുവനായും തടയും.


0 Comments