മാടത്തിയില്‍ സ്ഥലം മണ്ണിട്ടുനികത്താനുള്ള ശ്രമം; ജലസേചനവകുപ്പ് പോലീസില്‍ പരാതി നല്‍കി




ഇരിട്ടി: പായം പഞ്ചായത്തിലെ മാടത്തിയില്‍ ജലസേചന വിഭാഗത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് അതിക്രമിച്ചുകയറി മണ്ണിട്ടു നികത്താന്‍ നടത്തിയ ശ്രമത്തിനെതിരേ ജലസേചനവിഭാഗം ഇരിട്ടി പോലീസില്‍ പരാതി നല്‍കി.

തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാനപാതയുടെ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്ബനിക്കെതിരേയാണ് പരാതി നല്‍കിയത്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശമായതിനാലും പദ്ധതിപ്രദേശമായതിനാലും കമ്ബിവേലി കെട്ടി സംരക്ഷിച്ച പ്രദേശമായിരുന്നു. മണ്ണിടുന്നത് ആദ്യം ജലസേചനവിഭാഗം തടഞ്ഞിരുന്നു. പക്ഷേ, പിന്നീട് രാത്രിയിലും മണ്ണിട്ടതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കായികക്ഷേമവകുപ്പിന്റെ സഹകരണത്തോടെ ആധുനിക സ്റ്റേഡിയം നിര്‍മിക്കാനായി കണ്ടെത്തിയ പ്രദേശമാണിത്. ജലസേചനവകുപ്പില്‍നിന്ന്‌ സ്റ്റേഡിയത്തിനായി മാടത്തിയില്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്തും ബന്ധപ്പെട്ടവരും പറയുന്നത്.

അനുവദിച്ച സ്ഥലം ഏതാണെന്ന് നിശ്ചയിക്കാത്തതിനാല്‍ സ്ഥലം ഇപ്പോഴും ജലസേചനവകുപ്പിന്റെ അധീനതയിലാണ്. അനുമതി വാങ്ങാതെ സ്ഥലത്തെ കമ്ബിവേലി തകര്‍ത്ത് മണ്ണിട്ടതിനെതിരേയാണ് പരാതി നല്‍കിയത്.

പഞ്ചായത്തിന് സ്റ്റേഡിയം നിര്‍മാണത്തിനായി വിട്ടുകിട്ടിയ പ്രദേശമായതിനാല്‍ പഞ്ചായത്തില്‍നിന്ന്‌ രേഖാമൂലം കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മണ്ണിട്ടതെന്നാണ് കരാര്‍ കമ്ബനി പറയുന്നത്.

പഴശ്ശി അണക്കെട്ടില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ (എഫ്.ആര്‍.എല്‍.) ജലനിരപ്പ് ഉയര്‍ത്തുമ്ബോള്‍ വെള്ളം കയറാത്ത സ്ഥലമെന്നനിലയില്‍ ജലസേചനവകുപ്പധികൃതര്‍ പരിശോധന നടത്തിയ ശേഷമാണ് ഭൂമി വിട്ടുനല്‍കിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും പറയുന്നത്.

വെള്ളം കയറുന്ന പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഡിയം നിര്‍മാണത്തിനെതിരേ കോണ്‍ഗ്രസും ബി.ജെ.പി.യും രംഗത്തുണ്ട്. അഞ്ചേക്കര്‍ ചതുപ്പുനിലം നികത്തുന്നതിലൂടെ സമീപത്തെ മറ്റ് താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറാന്‍ ഇടയാകുമെന്നും വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പരാതി.