കടുവ കാണാമറയത്ത്, നാടിളക്കി തിരച്ചില്‍
സുല്‍ത്താന്‍ബത്തേരി: ചീരാലിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തുന്ന കടുവയെ തുരത്താന്‍, പടക്കംപൊട്ടിച്ചും കുറ്റിക്കാടുകളും തോട്ടങ്ങളും അരിച്ചുപെറുക്കിയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍സന്നാഹത്തോടെ നാടിളക്കി നടത്തിയ പരിശോധന ഫലംകണ്ടില്ല. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം വെള്ളിയാഴ്ച രാവിലെമുതല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കാണാനായില്ല.
അതേസമയം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചീരാല്‍ ടൗണിനടുത്തുള്ള ജനവാസ മേഖലയായ പണിക്കര്‍ പടി, വല്ലത്തൂര്‍, സ്കൂള്‍കുന്ന് മേഖലകളിലാണ് മൂന്ന് ദിവസമായി കടുവ ചുറ്റിത്തിരിയുന്നത്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ. ആസിഫ്, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായ കെ.പി. സുനില്‍കുമാര്‍, പി. രതീശന്‍, രമ്യാ രാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് വെള്ളിയാഴ്ച കടുവയ്ക്കായി തിരച്ചില്‍ നടത്തിയത്.
സന്നാഹങ്ങളുമായി മൂന്ന് സംഘങ്ങള്‍
കഴിഞ്ഞദിവസം കടുവയുടെ സാന്നിധ്യമുണ്ടായിരുന്ന, ചീരാല്‍ സ്കൂള്‍കുന്നില്‍ നിന്നാണ് രാവിലെ എട്ടുമണിയോടെ ദൗത്യസംഘം തിരച്ചില്‍ ആരംഭിച്ചത്. വയനാട് വന്യജീവി സങ്കേതത്തിനുകീഴിലുള്ള വിവിധ റെയ്ഞ്ചുകളിലെയും റാപ്പിഡ് റെസ്പോണ്‍സ് ടീമിലെയും 45 അംഗങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. തോക്കുകളും വടികളുമായെത്തിയ ജീവനക്കാര്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍. സ്കൂള്‍കുന്നിലെയും പണിക്കര്‍ പടിയിലെയും വല്ലത്തൂരിലെയും കൃഷിയിടങ്ങളിലൂടെ തിരഞ്ഞെത്തിയ സംഘങ്ങള്‍ 10.45-ഓടെ വല്ലത്തൂരിലെ ഊട്ടി റോഡില്‍ സംഗമിച്ചു. തുടര്‍ന്ന് വീണ്ടും പണിക്കര്‍പടിയിലെ ഗ്യാസ് ഗോഡൗണിനുപിന്നിലുള്ള കാടുമൂടിക്കിടക്കുന്ന തോട്ടങ്ങളിലൂടെ, കാട്ടാശ്ശേരി രാജേഷിന്റെ വളര്‍ത്തുനായയെ കൊന്നുതിന്ന പറമ്ബിലെത്തി. ഇതിനിടെ, 11.10-ഓടെ പണിക്കര്‍ പടിയില്‍ കടുവ റോഡ് മറികടന്നതായി വിവരം ലഭിച്ചതോടെ വനംവകുപ്പ് ജീവനക്കാര്‍ അവിടേക്ക് കുതിച്ചു. പ്രദേശത്ത് കെട്ടിടംനിര്‍മിക്കുന്ന തൊഴിലാളികളാണ് കടുവയെ കണ്ടതായി പറഞ്ഞത്. എന്നാല്‍ അല്പസമയത്തിനുശേഷം വനംവകുപ്പുദ്യോഗസ്ഥര്‍ ഇവിടെനിന്ന് തിരിച്ചുപോയി.


0 Comments