ഭവനപദ്ധതിക്ക് പണമില്ല; ബസ്‌സ്റ്റാന്‍ഡ് പണയംവച്ച് നഗരസഭ
മലപ്പുറം: പദ്ധതി നടത്തിപ്പിനു പണം കണ്ടെത്താന്‍ ബസ്‌സ്റ്റാന്‍ഡ് പണയംവെക്കാനൊരുങ്ങി മലപ്പുറം നഗരസഭ. 75 കോടിയിലധികം മൂല്യമുള്ള സ്റ്റാന്‍ഡിന്‍ അഞ്ച് കോടിയാണ് വായ്പയായി ആവശ്യപ്പെട്ടിരിക്കുന്നത്. പി എം എ വൈ -ലൈഫ് ഭവനപദ്ധതിയില്‍ നഗരസഭയുടെ വിഹിതത്തിന് പണം കണ്ടെത്താനാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നത്.
20 വര്‍ഷം കാലാവധിക്ക് മലപ്പുറം സര്‍വീസ് സഹകരണബാങ്കിലാണ് സ്റ്റാന്‍ഡ് പണയംവെക്കുക. 332 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം പൂവണിയാന്‍ നഗരസഭയ്ക്കു മുന്‍പില്‍ ഇതുമാത്രമായിരുന്നു മാര്‍ഗമെന്ന് നഗരസഭാധ്യക്ഷ സി എച്ച് ജമീല പറഞ്ഞു.
പി എം എ വൈ -ലൈഫ് ഭവനപദ്ധതിയിലേക്ക് 332 വീടുകളുടെ അപേക്ഷ നഗരസഭയ്ക്കുമുന്‍പിലുണ്ട്. പദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം. 4.98 കോടി രൂപയാണ് നഗരസഭ നല്‍കേണ്ടിവരുന്നത്. എന്നാല്‍ ഇത്രയും വലിയ തുക നീക്കിവയ്ക്കാനുള്ള ഫണ്ട് ഇല്ലാത്തതിനാലാണ് പണയം വെക്കാനുള്ള തീരുമാനം.
വായ്പ അടവിനായുള്ള തുക പദ്ധതിവിഹിതത്തില്‍ നിന്ന് പണം കുറച്ച ശേഷം മാറ്റിവയ്ക്കും. മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റ് നവീകരിച്ചതിനുശേഷം ലഭിക്കുന്ന കടകളുടെ മുന്‍കൂര്‍ തുകയും ബാങ്ക് അടവിലേക്ക് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം മുസ്‌ലിംലീഗ് ഭരിക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ഡ് ലീഗിന്റെതന്നെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കിന് പണയപ്പെടുത്തുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. എന്നാല്‍ കുറഞ്ഞ പലിശയായതിനാലാണ് മലപ്പുറം സര്‍വീസ് സഹകരണബാങ്കിനു നല്‍കുന്നതെന്നും നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്‌സ്റ്റാന്‍ഡ് പണയംവെക്കാന്‍ തീരുമാനിച്ചതെന്നും ജമീല പറഞ്ഞു.


0 Comments