എടിഎമ്മിനുള്ളില്‍ പാമ്ബ്, കൊന്നാല്‍ കേസ് വരുമെന്ന ഭയം കൊണ്ട് എല്ലാവരും കാഴ്ചക്കാരായി...






എ ടി എം കൗണ്ടറിനുള്ളില്‍ പാമ്ബിനെ കണ്ട യുവാവ് നിലവിളിച്ചുകൊണ്ട് പുറത്തുചാടി.

പത്തനാപുരം നടുക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന എ ടി എമ്മിനുള്ളിലാണ് പണം പിന്‍വലിക്കാന്‍ എത്തിയ ആള്‍ ഉഗ്രവിഷമുള്ള ശംഖ് വരയന്‍ ഇനത്തില്‍പ്പെട്ട പാമ്ബിനെ കണ്ടത്.

ചേകം സ്വദേശി രഞ്ചിത്താണ് പാമ്ബിന്റെ മുന്നില്‍ അകപ്പെട്ടത്. ഇയാള്‍ വരുന്നതിന് മുമ്ബായി സ്ത്രീകളടക്കം പണം പിന്‍വലിക്കുന്നതിനായി എ റ്റി എം കൗണ്ടറിനുള്ളില്‍ കയറിയിരുന്നു.

പരിഭ്രാന്തനായി നിലവിളിച്ച്‌ രഞ്ചിത്ത് പുറത്ത് ചാടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ കൂടുതല്‍ പേര്‍ എടിഎമ്മിന് മുമ്ബില്‍ തടിച്ച്‌ കൂടി. എന്നാല്‍ പാമ്ബിനെ പിടിക്കാനോ കൊല്ലാനോ നിയമം അനുവദിക്കാത്തതിനാല്‍ ആരും പാമ്ബിനു മേല്‍ കൈ വയ്ക്കാന്‍ തയാറായില്ല.

ഒടുവില്‍ നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ജീവനക്കാരെത്തി പാമ്ബിനെ വലയിലാക്കുകയായിരുന്നു. പത്തനാപുരം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുക്കുന്ന് എടിഎമ്മിലായിരുന്നു സംഭവം.ഇവിടെ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.