പഞ്ചസാരയെ മിഠായിയാക്കി മന്ത്രിയുടെ മാജിക്; എല്ലാ ജില്ലകളിലും 'മിഠായി' സാറ്റലൈറ്റ് സെന്ററുകള്‍
തിരുവനന്തപുരം: പഞ്ചസാരയെ മാജിക്കിലൂടെ 'മിഠായി'യാക്കി മാറ്റി കുട്ടിക്കൂട്ടം ഉദ്ഘാടനം ചെയ്ത് ആരോഗ്യസാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കായുള്ള 'മിഠായി' പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ കൂട്ടായ്മ അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്യവേയാണ് പഞ്ചസാര ഒഴിവാക്കണമെന്ന് സന്ദേശം മാജിക് കാട്ടി കുട്ടികള്‍ക്ക് മുന്നില്‍ മന്ത്രി അവതരിപ്പിച്ചത്.
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് മന്ത്രി മാജിക് കാട്ടിയത്. എല്ലാ ജില്ലകളിലും 'മിഠായി' പദ്ധതിയുടെ സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
രക്ഷിതാക്കള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ കുട്ടികളുടെ പ്രമേഹം നിയന്ത്രിച്ച് അവരുടെ പുഞ്ചിരി കാത്തുസൂക്ഷിക്കാവുന്നതേയുള്ളൂ. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണം. പ്രമേഹ തലസ്ഥാനമെന്ന പേര് മാറ്റിയെടുക്കാന്‍ കേരളത്തിനാകണം.
മുതിര്‍ന്നവരുടെ പ്രമേഹവും കുറച്ചുകൊണ്ടുവരാനാകണം. പ്രമേഹബാധിതരായ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂവസ് ഗ്‌ളൂക്കോസ് മോണിറ്ററിംഗ് ഡിവൈസ്, ഇന്‍സുലിന്‍ പമ്ബ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും, ഭക്ഷണകാര്യ ഉപദേശങ്ങളും പരിചരണവുമാണ് 'മിഠായി' പദ്ധതി വഴി നടപ്പാക്കുന്നത്. പദ്ധതിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന അഭ്യര്‍ഥന മാനിച്ചാണ് എല്ലാ ജില്ലകളിലും ഈ സൗകര്യത്തിന് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ 750 ലേറെ കുട്ടികളാണ് 'മിഠായി' പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ, വയോജനങ്ങള്‍ സായംപ്രഭ, വയോമിത്രം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് 'മഴവില്ല്', ഭിന്നശേഷിക്കാര്‍ക്ക് 'അനുയാത്ര' ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി വിജയകരമായി നടപ്പാക്കി വരുന്നതായി മന്ത്രി പറഞ്ഞു.
എല്ലാരംഗത്തും രോഗങ്ങള്‍ നേരിടാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നത്. 'അമൃതം ആരോഗ്യം' എന്ന പേരില്‍ എല്ലാവരുടേയും പ്രമേഹവും രക്തസമ്മര്‍ദ്ദവും പരിശോധിച്ച് രേഖപ്പെടുത്തുന്ന പദ്ധതിയും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്കുള്ള ഇന്‍സുലിന്‍ പമ്ബ് വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അഞ്ചുലക്ഷം മുതല്‍ ആറുലക്ഷം രൂപ വരെ വിലവരുന്ന ഇന്‍സുലിന്‍ പമ്ബാണ് പദ്ധതിവഴി സൗജന്യമായി നല്‍കുന്നത്.


0 Comments