ആലപ്പുഴ ബൈപ്പാസ് മൂന്ന് മാസത്തിനുള്ളില്‍ തുറക്കും





തിരുവനന്തപുരം: റയില്‍വേ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തിയാക്കിയാല്‍ മൂന്നുമാസത്തിനുള്ളില്‍ ആലപ്പുഴ ബൈപ്പാസ് കമ്മിഷന്‍ ചെയ്യാനാകുമെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു. ബൈപ്പാസിന്റെ 98 ശതമാനം പണിയും പൂര്‍ത്തിയായിട്ടുണ്ട്. റയില്‍വേ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ പുനക്രമീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം മതിയാകും. ഗര്‍ഡറുകള്‍ സ്ഥാപിച്ചതില്‍ പ്രശ്നമുണ്ടെന്ന് അറിയിക്കാന്‍ റയില്‍വേ എടുത്തത് ആറു മാസമാണ്. റയില്‍വേയുടെ തോന്ന്യാസമാണ് പ്രശ്നങ്ങള്‍ നീളാന്‍ കാരണം. ഇത്തരം കാര്യങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ബൈപ്പാസ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്നും എത്രയും പെട്ടെന്ന് തുറന്നുകൊടുത്ത് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.