ദേശീയപാതാവികസനം: ഏഴിലോട്ടും വിളയാങ്കോട്ടും കടയൊഴിപ്പിക്കല്‍ വ്യാപാരികള്‍ തടഞ്ഞു







പിലാത്തറ: ദേശീയപാതാവികസനത്തിനായി സ്ഥലം അക്വയര്‍ചെയ്യുന്നതിന്റെ ഭാഗമായി കടയൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞു.

വിളയാകോട്ടും ഏഴിലോട്ടുമാണ് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘത്തെ തടഞ്ഞ് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെപ്പിച്ചത്. കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികളും നാട്ടുകാരും രംഗത്തെത്തിയത്. തിങ്കളാഴ്ച രാവിലെ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയപ്പോള്‍ കടയുടമ ആത്മഹത്യാഭീഷണി മുഴക്കിയതോടെയാണ് പ്രശ്നം തുടങ്ങിയത്.
തടിച്ചുകൂടിയ കച്ചവടക്കാര്‍ ഒഴിപ്പിക്കല്‍ നടപടി തടയുകയായിരുന്നു. വ്യാപാരി വ്യവസായി സമിതി നേതാക്കളെത്തി റവന്യൂ അധികൃതരുമായി ചര്‍ച്ച നടത്തി. കടയുടമകളുമായി സംസാരിച്ച്‌ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നകാര്യം തീരുമാനിക്കാന്‍ ധാരണയായി. വിളയാങ്കോട്ടും സമാനമായരീതിയിലാണ് പ്രശ്നമുണ്ടായത്.

തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റവന്യൂ അധികൃതര്‍ എത്തിയത്. പരിയാരം സി.ഐ. കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തി. വിളയാകോട്ട് ബുധനാഴ്ച കടയുടമകളുമായി ചര്‍ച്ചനടത്താന്‍ സി.ഐ.യുടെ നേതൃത്വത്തില്‍ ധാരണയായി.