സ്ത്രീകളുടെ കരുത്തിൽ ഗ്രാമീണറോഡ് യാഥാർഥ്യമാവുന്നു





മയ്യിൽ:വയോധികരെയും രോഗികളെയും ആസ്പത്രിയിലെത്തിക്കാൻ പാടുപെടുന്ന ഗ്രാമത്തിൽ റോഡ് യാഥാർഥ്യമാക്കി സ്ത്രീ മുന്നേറ്റം. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 16-ാം വാർഡിലെ കാര്യാംപറമ്പ്-പൊറോലം റോഡിൽനിന്ന് നിരത്തുപാലം പഴശ്ശി പള്ളി റോഡുമായി ബന്ധിപ്പിക്കുന്ന പഴശ്ശി കാഞ്ഞിരച്ചാൽ-കുന്നത്തുമൂല റോഡാണ് 40 വർഷത്തെ ശ്രമത്തിനൊടുവിൽ സ്ത്രീകളുടെ മുന്നേറ്റത്താൽ യാഥാർഥ്യമാകുന്നത്.

റോഡിനായുള്ള ചർച്ചകളും യോഗങ്ങളും ഇടയ്ക്കിടെ നടക്കുമെങ്കിലും വർഷങ്ങളായിട്ടും ഒന്നും ഫലംകാണാതെവന്നപ്പോഴാണ് പ്രദേശത്തെ സ്ത്രീകൾ രംഗത്തെത്തിയത്. തുടർന്ന് റോഡിന് തടസ്സമാവുന്ന വിഷയം നേരിട്ടെത്തി മനസ്സിലാക്കി. ഒരുവർഷംമുമ്പ് പ്രശ്നം പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മനാഭനും വാർഡംഗം ടി.ആർ.ചന്ദ്രനും ഏറ്റെടുക്കുകയും എം.വി.റിജേഷ് കൺവീനറായി റോഡ് നിർമാണ കമ്മിറ്റി രൂപവത്കരിക്കുകയുംചെയ്തു.