ഉള്ളിവില കുതിക്കുന്നു; കോഴിക്കോട്ട് നൂറ്
കോഴിക്കോട്: ഉള്ളിമുറിച്ചാല് കണ്ണെരിയുമെന്നത് മാറി ഉള്ളി കണ്ടാല്‍തന്നെ കണ്ണില്‍ വെള്ളം നിറയുന്നകാലമെത്തി. സവാളക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍ ഞായറാഴ്ച കിലോക്ക് ചില്ലറ വില 100 രൂപയെത്തി. പാളയം മാര്‍ക്കറ്റില്‍ മൊത്ത വില കിലോക്ക് 94ലെത്തിയതിനെ തുടര്‍ന്നാണിത്.
വെള്ളിയാഴ്ച 90 രൂപയുണ്ടായിരുന്നതാണ് ഒറ്റദിവസംകൊണ്ട് കുതിച്ചുയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമാണ് വലിയ ഉള്ളിവില 100 കടക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കിലോക്ക് എട്ടു രൂപവരെ വിറ്റതാണ് മാസങ്ങള്‍ക്കകം കുതിച്ചുയര്‍ന്നത്. വരും ദിവസങ്ങളില്‍ വില മുന്നോട്ട് കുതിക്കാനാണ് സാധ്യത. ദൗര്‍ലഭ്യം കണക്കിലെടുത്ത് ഈജിപ്തില്‍നിന്ന് ഇറക്കുമതിചെയ്ത ഉള്ളി ലോഡുകളും ഞായറാഴ്ച മുതല്‍ കോഴിക്കോട്ട് എത്തിത്തുടങ്ങി.
മുംബൈ വഴിയാണ് ഇവയെത്തിയത്. കടും ചുവപ്പ് നിറത്തിലുള്ള വിദേശ ഉള്ളിക്കും വില 100 തന്നെയാണ് ഈടാക്കുന്നത്. ഉത്തരേന്ത്യയില്‍ പുതിയ ഉള്ളിവിളവെടുപ്പ് തുടങ്ങുന്ന ഡിസംബര്‍ അവസാനം വരെ വിലക്കൂടുതല്‍ തുടരുമെന്നാണ് പറയുന്നത്. ഉത്തരേന്ത്യയില്‍ നേരത്തേ സംഭരിച്ച് വച്ച ഉള്ളിയാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ മാര്ക്കറ്റിടിവ് ഭയന്ന് ഉള്ളി കൂടുതല്‍ സംഭരിക്കാന്‍ കോഴിക്കോട്ടെ കച്ചവടക്കാര്‍ മടിക്കുന്നു.
മഹാരാഷ്ട്രയിലെ പ്രളയവും കൃഷിനാശവുമാണ് വന്‍ വിലക്കയറ്റത്തിന് കാരണം. ചുവപ്പ്, റോസ് എന്നീ രണ്ടിനം ഉള്ളികളാണ് വിപണിയില്‍ സാധാരണയായെത്താറ്. പെട്ടെന്ന് കേടാവാത്ത, ജല സാന്നിധ്യം കുറഞ്ഞ ചുവപ്പ് ഇനത്തിനാണ് വില കൂടുതല്‍ ഈടാക്കിയിരുന്നത്. എന്നാല്‍, ക്ഷാമം തുടങ്ങിയതോടെ എല്ലായിനങ്ങള്‍ക്കും ഒരേ വിലയായി. വന്‍ വിലക്കയറ്റം കല്യാണ വീട്ടുകാര്‍ക്കും ഹോട്ടല്‍ വ്യാപാരികള്‍ക്കും തിരിച്ചടിയായി. ബിരിയാണിയടക്കം മാംസഭക്ഷണക്കൂട്ടുകള്ക്ക് ഒഴിച്ചു കൂടാനാവാത്തയിനമാണ് ഉള്ളി. കല്യാണവീട്ടില്‍ രണ്ടു ചാക്ക് ഉള്ളികിട്ടാന് 10,000 രൂപയെങ്കിലും വേണമെന്നയവസ്ഥയായി.


0 Comments