കൃഷികള്‍ നശിപ്പിക്കുന്നു! കുരങ്ങു ശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍; അക്രമത്തിനിരയാകുന്നതില്‍ ഏറെയും നാളികേര കര്‍ഷകര്‍
ശ്രീകണ്ഠപുരം: കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകള്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. ഇരിക്കൂര്‍, വളവുപാലം, പട്ടീല്‍ പ്രദേശങ്ങളിലാണ് കുരങ്ങു ശല്യം രൂക്ഷമായിട്ടുള്ളത്. കരിക്ക്, വാഴക്കുല, പുളി, പപ്പായ, കൈതച്ചക്ക, പച്ചക്കറികള്‍ തുടങ്ങിയവയാണ് കുരങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നത്. പല കാര്‍ഷിക വിളകളും മൂപ്പെത്തും മുമ്ബേ ഇവ പറിച്ചെറിയുകയാണ്. നാളികേര കര്‍ഷകരാണ് കുരങ്ങുകളുടെ അക്രമത്തിനിരയാകുന്നതില്‍ ഏറെയും. രാപ്പകല്‍ ഭേദമില്ലാതെ തെങ്ങിന് തോപ്പുകളില്‍ അലഞ്ഞ് തിരിയുന്ന കുരങ്ങുകള്‍ ചെറുതും വലുതുമായ തെങ്ങുകളില്‍ കൂട്ടം കൂടിയെത്തി ഇളനീരുകളും മൂപ്പെത്തിയ തേങ്ങകളും ഉള്‍പ്പെടെയാണ് നശിപ്പിക്കുന്നത്. പല തെങ്ങുകളുടെയും വിരിയാറായ കൂമ്ബുകള് വരെ നശിപ്പിച്ചിട്ടുണ്ട്. തെങ്ങുകള്‍ക്ക് വളപ്രയോഗം നടത്തിയവരും ജലസേചനം നടത്തുന്നവരുമെല്ലാം ആദായം ലഭിക്കാതെ നെട്ടോട്ടമോടുകയാണ്. മണ്ഡരി രോഗം ബാധിച്ചതോടെ തേങ്ങകള്‍ കിട്ടുന്നത് കുറഞ്ഞിരുന്നെങ്കിലും തെങ്ങിന് തോട്ടങ്ങള്‍ കുരങ്ങുകള്‍ താവളമാക്കിയതോടെ തേങ്ങ കണികാണാന്‍ പോലും കിട്ടാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. വീടുകള്‍ക്ക് നേരെയും ഇവയുടെ അക്രമമുണ്ടാകുന്നുണ്ട്.


0 Comments