തെരുവ് നായക്കെന്ത് ജയില്‍ വാര്ഡന് ? തെരുവ് നായ പണി കൊടുത്തത് ജയില്‍ വാര്‍ഡനു തന്നെ; അതും ജയില്‍ പരിസരത്ത് വച്ച്
കണ്ണൂര്‍: കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നത് ഒരു പഴഞ്ചൊല്ലാണ്. കണ്ണൂരില്‍ ഇതിപ്പോള്‍ ചില വകഭേദങ്ങളോടെ തെരുവ് നായക്കെന്ത് ജയില്‍ വാര്‍ഡനെന്ന രീതിയിലാണ് പറയപ്പെടുന്നത്. തടവുകാരെ നിയന്ത്രിച്ച് നിലക്കു നിര്‍ത്തുന്നവരാണ് കാക്കിയിട്ട ജയില്‍ വാര്ഡന്മാരെങ്കിലും ഇവരുടെ കാക്കിയെയും ഔദ്യോഗിക പദവിയെയും സെന്‍ട്രല്‍ ജയില്‍ പരിസരത്തെ തെരുവ് നായകള്‍ക്ക് പുല്ലുവിലയാണ്. ഇന്നു രാവിലെ ജയില്‍ പരിസരത്ത് വച്ച് ഒരു തെരുവ് നായ പണി കൊടുത്തത് ജയില്‍ വാര്‍ഡനു തന്നെ. റെനീഷ് എന്ന യുവ വാര്‍ഡനെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. കടിയേറ്റ ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ജയില്‍ വളപ്പിലും തൊട്ടുമുന്നിലെ ജയില്‍ ഭക്ഷ്യ വില്പന കൗണ്ടര്‍ പരിസരത്തുമെല്ലാം തെരുവ് നാശ ശല്യം രൂക്ഷമാണ്.. ജയില്‍ ചപ്പാത്തി വില്പന നടത്തുന്ന കൗണ്ടറിനു മുന്നിലായി ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയതോടെ ഇവിടുത്തെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തിന്നാനെത്തുന്ന തെരുവ് നായകള്‍ ഇവിടെ തന്നെ തന്പടിക്കുകയായിരുന്നു. നായക്കൂട്ടം പരിസരത്തെ വീട്ടുകാര്‍ക്കും സമീപത്തെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രികര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വീടുകളിലെ മുന്നില്‍ അഴിച്ചിട്ട ചെരിപ്പുകളും അലക്കി ആറിയിട്ട തുണികളും തെരുവ് നായകള്‍ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്.


0 Comments