നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാകരുത് -സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
കൂത്തുപറമ്പ്:നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാകരുതെന്നും മാറുന്നകാലത്തോടുചേർന്ന് ഭരണസംവിധാനങ്ങൾ പരിഷ്കരിക്കണമെന്നും നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലൈഫ്-പി.എം.എ.വൈ. പദ്ധതിവഴി കൂത്തുപറമ്പ് നഗരസഭയിൽ നിർമിച്ച 182 വീടുകളുടെ താക്കോൽദാനവും നവീകരിച്ച നഗരസഭാ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അധികാരംലഭിച്ചാൽ ചിലർക്കതൊരു ലഹരിയാണ്. അത്തരം ലഹരിയെ തകർത്ത് തരിപ്പണമാക്കണം. ജനങ്ങളെ ആദരിക്കാനും സേവിക്കാനുമുള്ള ലഹരിയാണ് ജനസേവകർക്കുണ്ടാകേണ്ടത്. അധികാരവും സമ്പത്തും സാധാരണക്കാർക്ക് നൽകി അതിന്റെ വിനിയോഗം സമർഥമായി നടപ്പാക്കാമെന്ന് കേരളം തെളിയിച്ചിട്ടുണ്ട്.
രാജ്യത്തിന് മാതൃകയാക്കാവുന്ന തദ്ദേശസ്വയംഭരണങ്ങൾ കേരളത്തിലുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. നഗരസഭാ ചെയർമാൻ എം.സുകുമാരൻ അധ്യക്ഷനായിരുന്നു. നഗരകാര്യ മേഖലാ ജോ. ഡയറക്ടർ കെ.പി.വിനയൻ ഇ-പോസ് മെഷീൻ ഉദ്ഘാടനംചെയ്തു.
വൈസ് ചെയർപേഴ്സൺ എം.പി.മറിയംബീവി, സെക്രട്ടറി കെ.കെ.സജിത്ത്കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ.വി.രജീഷ്, കെ.അജിത, കെ.തങ്കമണി, വി.രാമകൃഷ്ണൻ, പി.പ്രമോദ്കുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ കെ.റീന, കൗൺസിലർ ടി.ലതേഷ്, ഹെഡ് ക്ലാർക്ക് ഒ.പ്രസൂൺ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും പങ്കെടുത്തു.


0 Comments