മോദി സര്‍ക്കാര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു -ഡോ. വിജു കൃഷ്ണന്‍
മട്ടന്നൂര്‍: കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് ബി.ജെ.പി. സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി ഡോ. വിജു കൃഷ്ണന്‍ പറഞ്ഞു. കര്‍ഷക സംഘം ജില്ലാ സമ്മേളനം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കി വീണ്ടും അധികാരത്തില്‍വന്ന മോദി സര്‍ക്കാര്‍ കര്‍ഷകദ്രോഹ നയങ്ങള്‍ക്ക് വേഗംകൂട്ടിയിരിക്കുകയാണ്. 2014 മുതല്‍ 2016 വരെ 60,000 കര്‍ഷകര്‍ ആത്മഹത്യചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളിലെ കണക്ക് കേന്ദ്രം പുറത്തുവിടുന്നില്ല. കര്‍ഷകന്റെ ഭൂമി അനുവാദമില്ലാതെ ഏറ്റെടുക്കുന്നതടക്കം കര്‍ഷകദ്രോഹനടപടികള്‍ തുടരുകയാണ്.
കര്‍ഷകപ്രസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ച ആര്‍.സി.ഇ.പി. കരാര്‍ ഫെബ്രുവരിയോടെ വീണ്ടും കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതോതിലെത്തി. നവലിബറല്‍ നയങ്ങള്‍ക്ക് തുടക്കമിട്ട കോണ്‍ഗ്രസ് ഇതിനെതിരേ മിണ്ടുന്നില്ല.
കര്‍ഷകര്‍ക്കിടയിലെ ശക്തമായ വിരുദ്ധവികാരത്തെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ മറികടന്നത്. പശുവിന്റെപേരിലുള്ള കൊലപാതകങ്ങളില്‍ ഇരയായത് കര്‍ഷകരാണ്. വിവിധ കര്‍ഷകസംഘടനകളെ യോജിപ്പിച്ച് വലിയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഒ.വി.നാരായണന്‍ അധ്യക്ഷതവഹിച്ചു. ബേബി ജോണ്‍, എം.പ്രകാശന്‍, എസ്.കെ.പ്രീജ, സി.എച്ച്.കുഞ്ഞമ്ബു, വത്സന്‍ പനോളി, പി.പുരുഷോത്തമന്‍, എം.വേലായുധന്‍, പി.പി.ദാമോദരന്‍, ടി.കൃഷ്ണന്‍, കെ.ടി.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനംചെയ്യും.


0 Comments