2000 രൂപയ്ക്കായി 50 മുട്ട കഴിയ്ക്കാമെന്ന് പന്തയം: 42-ാമത്തെ മുട്ട കഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം



 രണ്ടായിരം രൂപയ്ക്ക് പന്തയം വച്ച്‌ മുട്ട കഴിയ്ക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം. ലഖ്‌നൗവിലെ പിപിഗഞ്ച് മാര്‍ക്കറ്റിലാണ് സംഭവം. ജോന്‍പുര്‍ ജില്ലാ സ്വദേശിയായ നാല്‍പ്പത്തി രണ്ട് വയസ്സുള്ള സുഭാഷ് യാദവാണ് മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: സുഭാഷും സുഹൃത്തും മാര്‍ക്കറ്റില്‍ മുട്ട കഴിക്കാന്‍ പോയതായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. തുടര്‍ന്ന് മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാല്‍ 2000 രൂപ നല്‍കാമെന്ന് പന്തയം വച്ചു.

പന്തയം സ്വീകരിച്ച സുഭാഷ് മുട്ട കഴിക്കാന്‍ ആരംഭിച്ചു. 41 മുട്ടകള്‍ കഴിക്കുകയും ചെയ്തു. 42-ാമത്തെ മുട്ട കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയുമായിരുന്നു.
ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ചെങ്കിലും സുഭാഷിനെ രക്ഷിക്കാനായില്ല.

മദ്യവും മുട്ടയും ഒരുമിച്ച്‌ വലിയ അളവില്‍ കഴിച്ചതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.