കണ്ണൂർ:പണി പൂർത്തിയായിട്ടും പ്രവർത്തനസജ്ജമാകാതെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ് കെട്ടിടം. ദൈനംദിന കാര്യങ്ങളിലെ ബുദ്ധിമുട്ടൊഴിയാതെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ. അപര്യാപ്തതയിൽ വീർപ്പുമുട്ടുന്ന ജീവനക്കാർക്ക് ആശ്വാസമാകേണ്ട ബഹുനിലകെട്ടിടമാണ് ചില സാങ്കേതികകാര്യങ്ങളുടെ പേരിൽ അടഞ്ഞുകിടക്കുന്നത്.
ജീവനക്കാർക്കും യാത്രക്കാർക്കുമുള്ള വിശ്രമമുറി, ജീവനക്കാർക്കുള്ള താമസസൗകര്യം, ശൗചാലയങ്ങൾ, കോൺഫറൻസ് ഹാൾ തുടങ്ങി ആധുനിക സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് പുതിയ കെട്ടിടം. പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയതോടെ പരിമിതമായ സ്ഥലത്താണ് ജീവനക്കാർക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്.
ജീവനക്കാർ 700, സൗകര്യം നാമമാത്രം
എഴുനൂറോളം ജീവനക്കാരുള്ള ഡിപ്പോയിൽ പുതിയ ഡിപ്പോ പ്രവർത്തനസജ്ജമാകാത്തതിനാൽ പ്രശ്നങ്ങളേറെയാണ്. ദൂരസ്ഥലങ്ങളിൽനിന്നുള്ള വനിതാ ജീവനക്കാർ താമസത്തിനായി മറ്റുവഴികൾ തേടേണ്ട സ്ഥിതിയാണിപ്പോൾ. കാന്റീൻ സൗകര്യവുമില്ല. തൊഴിലാളി സംഘടനകളുടെ നിരന്തര സമ്മർദ്ദത്തെതുടർന്ന് എ.പി.അബ്ദുള്ളക്കുട്ടി എം.എൽ.എ.ആയ സമയത്ത് അദ്ദേഹത്തിന്റെ എം.എൽ.എ. ഫണ്ടിൽന്നുള്ള തുകയുപയോഗിച്ചാണ് കെട്ടിടംപണി 2016-ൽ തുടങ്ങിയത്.