അഫീല്‍ ജോണ്‍സണിന്റെ മരണം: മൂന്ന് കായിക അധ്യാപകര്‍ അറസ്റ്റില്‍, മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്




കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ അഫീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥി തലയില്‍ ഹാമര്‍ വീണ് മരിച്ച കേസില്‍ മൂന്ന് കായികാധ്യാപകര്‍ അറസ്റ്റില്‍. റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടിഡി മാര്‍ട്ടിന്‍, സിഗ്നല്‍ ചുമതലയുണ്ടായിരുന്ന ഒഫീഷ്യല്‍ കെവി ജോസഫ് എന്നിവരാണ് പാലാ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നാരായണന്‍കുട്ടി എന്നയാള്‍ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ, പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലുപേരെയും പ്രതിചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മൂന്നുപേര്‍ കീഴടങ്ങിയത്.
പാലാ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അഫീല്‍. പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായ അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. ജാവലിന്‍ മത്സരത്തിന്റെ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍.