വോളീബോളിന്റെ രാജകുമാരൻ വിട പറഞ്ഞിട്ട് 32 വർഷം.🌹
വോളിബോൾ കളിയെ ഒരു സുന്ദരമായ കലാരൂപത്തിന്റെ നിലയിലേക്കുയർത്തി മനുഷ്യമനസ്സുകളെ കീഴടക്കിയ രാജകുമാരനായിരുന്നു ജിമ്മി ജോർജ്ജ്. ഇന്ത്യയുടെയാദ്യത്തെ പ്രൊഫഷണൽ വോളിബോൾ താരമായിരുന്ന ജിമ്മി തന്നെയാണ് മലയാള മനോരമ 2000 ൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഇരുപതാം നൂറ്റാണ്ടിലെ മികച്ച പുരുഷ കായിക താരവുമായി തിരഞ്ഞെടുക്കപെട്ടതും. മൂന്നു ദശകങ്ങളായി പേരാവൂർ അറിയപ്പെടുന്നത് ജിമ്മി ജോർജ്ജിന്റെ ജന്മനാടെന്ന നിലയിലാണ്. സെൻറ് ജോൺസ് യു. പി. സ്കൂൾ തൊണ്ടിയിൽ, സെൻറ് ജോസഫ്‌സ് ഹൈ സ്കൂൾ പേരാവൂർ എന്നിവിടങ്ങളിൽ പഠിക്കുമ്പോൾ തന്നെ മികച്ച താരമായിരുന്നു അദ്ദേഹം. പിന്നീട് യൂണിവേഴ്‌സിറ്റി, ദേശീയ തലത്തിലേക്കുയർന്ന ആ വോളിബോൾ മാന്ത്രികൻ 1974, 1978, 1986 വർഷങ്ങളിൽ നടന്ന ഏഷ്യൻ ഗെയിമ്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
1976 ൽ അർജ്ജുന അവാർഡ്, അതേ വർഷം തന്നെ സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മനോരമ അവാർഡ്, 1986 ലെ സിയൂൾ ഏഷ്യൻ ഗെയിമ്സിലെ വെങ്കലം തുടങ്ങിയവ അദ്ദേഹത്തിന്റെ കിരീടത്തിലെ ചില പൊൻതൂവലുകൾ മാത്രം.
1987 നവംബർ 30 ലെ, നവംബറിലെ വലിയൊരു നഷ്ടമായിത്തീർന്നു കാറപകടത്തിലെ അദ്ദേഹത്തിന്റെ മരണം. വീണ്ടുമൊരു നവംബർ, മൂന്ന് ദശകങ്ങൾ പൂർത്തീകരിച്ചുകൊണ്ട് വന്നെത്തുമ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പത്തിയൊന്നാമത് ജിമ്മി ജോർജ്ജ് ഫൌണ്ടേഷൻ അവാർഡ് ഈ വർഷം ഏറ്റു വാങ്ങുന്നത് ഒളിമ്പ്യൻ അത്‌ലറ്റ് വൈ. മുഹമ്മദ് അനസാണ്.


0 Comments