കനത്ത മൂടല്‍മഞ്ഞ്: കരിപ്പൂരില്‍ അഞ്ചു വിമാനങ്ങള്‍ തിരിച്ചുവിട്ടു
കൊണ്ടോട്ടി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യം കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെയുളള അഞ്ചു വിമാനങ്ങള്‍ കൊച്ചിയിലേക്കു തിരിച്ചുവിട്ടു. പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞിലാണ് വിമാനങ്ങളുടെ സുരക്ഷിത ലാന്‍ഡിംഗ് തടസപ്പെട്ടത്.
പുലര്‍ച്ചെ 2.55നുള്ള എയര്‍ അറേബ്യയുടെ ഷാര്‍ജ, 3.25 നുള്ള ഇത്തിഹാദ് എയര്‍വെയ്സിന്റെ അബൂദാബി, 3.40 നുള്ള ഒമാന്‍ എയറിന്റെ മസകറ്റ്, നാലിനുളള ഗള്‍ഫ് എയറിന്റെ ബഹറിന്‍, 5.55നുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചെത്തി തുടര്‍സര്‍വീസ് നടത്തിയത്. എന്നാല്‍ ഷാര്‍ജയിലേക്കുളള എയര്‍ അറേബ്യ വിമാനത്തിന്റെ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ഷാര്‍ജയിലേക്കുള്ള ഈ വിമാനം ഇന്നു പുലര്‍ച്ചെ 1.30ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു.


0 Comments