ആ മധുവിധു കാലം അവസാനിക്കുന്നു ! ഡിസംബര്‍ മുതല്‍ കോള്‍,ഡേറ്റാ നിരക്കുകള്‍ മൂന്നിരട്ടി വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്ബനികള്‍.




നിസ്സാര തുകയ്ക്ക് ഇഷ്ടംപോലെ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിച്ചു കൊണ്ടിരുന്ന ആ മധുരകാലത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് വിവരം. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്ബനികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുകയും സാമ്ബത്തിക ബാധ്യത കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക. ടെലികോം മേഖലയില്‍ സാങ്കേതിക വികസനത്തിനായി വന്‍തുകയാണ് കണ്ടെത്തേണ്ടി വരുന്നതെന്ന് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ വക്താക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു. എത്ര ശതമാനം വര്‍ധന നിരക്കിലുണ്ടാവുമെന്ന് കമ്ബനികള്‍ വിശദമാക്കിയിട്ടില്ല. മേഖലയിലെ നികുതി വര്‍ധന നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലേക്ക് കമ്ബനികളെ എത്തിക്കുന്നുവെന്നാണ് വിവരം. നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ടെലികോം മേഖലയിലേക്കുള്ള ജിയോയുടെ കടന്നുവരവ് മറ്റ് കമ്ബനികളെയെല്ലാം വന്‍ പ്രതിസന്ധിയിലാക്കി.

എജിആര്‍ അടവുകളുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ സാമ്ബത്തിക പാദത്തില്‍ കമ്ബനിക്ക് നഷ്ടം ഉണ്ടായതെന്നും ഭാരതി എയര്‍ടെല്‍ വിശദീകരിക്കുന്നുണ്ട്. 28,450 കോടിയാണ് കേന്ദ്രസര്‍ക്കാരിലേക്ക് എയര്‍ടെല്‍ തിരിച്ചടക്കേണ്ടത്. ഇതില്‍ മുതലായി അടക്കേണ്ടത് 6164 കോടിയാണ്. ഇതിന്റെ പലിശ 12219 കോടി, പിഴ 3760 കോടി, പിഴപ്പലിശ 6307 കോടിയുമാണ് തിരിച്ചടക്കേണ്ടത്.