ഷഹ്ല ഷെറിന് പാമ്ബുകടിയേറ്റു മരിച്ച സംഭവം; അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
കൊച്ചി: ബത്തേരിയിലെ ഗവ.സര്‍വജന ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന് പാമ്ബുകടിയേറ്റു മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടെന്നു വ്യക്തമാക്കി വയനാട് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ ജഡ്ജി എ. ഹാരിസിന്റെ റിപ്പോര്‍ട്ട്. കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്കൂളില്‍ വച്ചോ ആശുപത്രിയില്‍ വച്ചോ മതിയായ ചികിത്സ കിട്ടാതെയാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു.
ആശുപത്രി രേഖകളില്‍ പാമ്ബുകടിയേറ്റാണു മരണമെന്നു പറയുന്നു. മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. സിസിടിവി പരിശോധിച്ചതില്‍ നിന്നു പാമ്ബ് കടിയേറ്റ സമയം ഉച്ചകഴിഞ്ഞു 3.19 നോടടുത്താണെന്നു വ്യക്തമാണ്. 3.42ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്കാന് ട്രാഫിക് പോലീസിന്റെ ജീപ്പ് സ്കൂളിലെത്തിയിരുന്നു. 4.45 വരെ ജീപ്പ് അവിടെയുണ്ടായിരുന്നെന്നും സിസിടിവിയില്‍ കാണാം. 3.45ന് കുട്ടിയുടെ പിതാവെത്തി ഓട്ടോയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. അങ്ങനെ അരമണിക്കൂറോളം സ്കൂളില്‍ പാഴാക്കി. പാമ്ബുകടിയേറ്റെന്ന് അറിഞ്ഞയുടന്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ സ്കൂളിലെ അധ്യാപകര്‍, ജീവനക്കാര്‍, ഹെഡ്മാസ്റ്റര് എന്നിവര്‍ക്ക് ധാര്‍മിക ബാധ്യതയുണ്ടായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പാമ്ബുകടിയേറ്റവരെ ചികിത്സിക്കാനുള്ള പ്രതിവിഷം (ആന്റിവെനം) ഉണ്ടായിരുന്നിട്ടും പീഡിയാട്രിക് വെന്റിലേറ്ററില്ലെന്ന പേരില്‍ പ്രതിവിഷം നല്‍കിയില്ല. അങ്ങനെ ഒരു മണിക്കൂര്‍ ഇവിടെ പാഴായി.
നവംബര്‍ 20ന് 19 പായ്ക്കറ്റ് പ്രതിവിഷം താലൂക്ക് ആശുപത്രിയിലുണ്ടെന്നു രേഖകളില്‍നിന്നു വ്യക്തമായി പറയുന്നുണ്ട്. പ്രതിവിഷം നല്കാന് പിതാവ് ആവശ്യപ്പെട്ടെങ്കിലും പീഡിയാട്രിക് വെന്റിലേറ്ററില്ലെന്ന കാരണത്താല്‍ നല്‍കാനാവില്ലെന്നു ഡോക്ടര്‍ പറഞ്ഞു. പാമ്ബുകടിയേറ്റതാണെന്ന വിവരം രക്ഷിതാവിനെ അറിയിച്ചതല്ലാതെ ഫലപ്രദമായി സ്കൂള്‍ അധികൃതര്‍ ഒന്നും തന്നെ ചെയ്തതായി കാണുന്നില്ല. സ്കൂളില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ മാത്രമാണ് താലൂക്ക് ആശുപത്രിയെന്നിരിക്കെ കുട്ടിയെ അവിടേക്ക് കൊണ്ടുപോകാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നവംബര്‍ 20നാണ് കുട്ടി പാമ്ബ് കടിയേറ്റു മരിച്ചത്. കെല്‍സ ചെയര്‍മാനായ ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം ജില്ലാ ജഡ്ജിയോടു സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് നവംബര്‍ 22ന് കുട്ടിയുടെ വീട്ടിലും സ്കൂളിലും സന്ദര്‍ശനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടാണ് പ്രത്യേക ദൂതന് മുഖേന സമര്‍പ്പിച്ചു. കേസുമായി പോകുന്നില്ലെന്നു ഷഹ്ലയുടെ രക്ഷിതാക്കള്‍ പറഞ്ഞെങ്കിലും പ്രിന്‍സിപ്പല്‍ കരുണാകരന്, വൈസ് പ്രിന്‍സിപ്പല്‍ മോഹനന്, അധ്യാപകന് ഷജില്‍, ഡോ. ജിഷ മെറിന് ജോയ് എന്നിവര്‍ക്കെതിരേ കേസെടുത്തു. അധ്യാപകരുടേയും ഡോക്ടറുടേയും വീഴ്ചകള്‍ എണ്ണി പറയുന്ന റിപ്പോര്‍ട്ടില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കുന്നത് കര്‍ശന നടപടികളിലേക്ക് കടക്കാനാണ് സാധ്യത .


0 Comments