അപകടമുണ്ടായാല്‍, ഇനി കുട്ടികള്‍ നോക്കിനില്‍ക്കില്ല




സുല്‍ത്താന്‍ബത്തേരി: പാമ്ബുകടി, വൈദ്യുതാഘാതം, തീപ്പൊള്ളല്‍ തുടങ്ങിയ ആകസ്മികമായുണ്ടാകുന്ന അപകടങ്ങളുണ്ടാകുമ്ബോള്‍ ആദ്യം എന്തു ചെയ്യണമെന്നുള്ള, പ്രഥമശുശ്രൂഷയുടെ ബാലപാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കി ജില്ലയില്‍ ആര്‍ദ്രവിദ്യാലയം പദ്ധതിക്ക്‌ തുടക്കമായി. സുരക്ഷിതവയനാട് യജ്ഞത്തിന്റെ ഭാഗമായാണ് സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആര്‍ദ്രവിദ്യാലയംപദ്ധതി ആരംഭിച്ചത്. ആകസ്മികമായി ഉണ്ടായേക്കാവുന്ന അപകടങ്ങളില്‍ സമയോചിതമായി ഇടപെടാനും ജീവന്‍ രക്ഷിക്കാനും വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സര്‍വജന ഗവ. സ്കൂളിലെ ക്ലാസ്മുറിയില്‍നിന്നും വിദ്യാര്‍ഥിനി ഷഹ്‍ല ഷെറിന്‍ പാമ്ബുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ദ്രവിദ്യാലയംപദ്ധതി നടപ്പാക്കുന്നത്. പ്രഥമശുശ്രൂഷാപരിശീലനം ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായെത്തി കളക്ടര്‍ ഡോ. അദീല അബ്ദുള്ളയും വിദ്യാര്‍ഥികള്‍ക്ക് ചില പ്രഥമശുശ്രൂഷാമാര്‍ഗങ്ങള്‍ പഠിപ്പിച്ചു.

എറണാകുളം നോര്‍ത്ത് പറവൂര്‍ ആസ്ഥാനമായ 'ഹെല്‍പ് ഫോര്‍ ഹെല്‍പ്‌ലെസ്' എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നുള്ള ഒമ്ബതംഗസംഘമാണ് അസംപ്ഷന്‍ സ്കൂളിലെ 150-ഓളം വിദ്യാര്‍ഥികള്‍ക്ക് പ്രഥമശുശ്രൂഷാപരിശീലനം നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ ടി.എല്‍. സാബു അധ്യക്ഷതവഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, മാതൃഭൂമി ബുക്സ് മാനേജര്‍ ടി.വി. രവീന്ദ്രന്‍, കെ.എം. സിന്ധു, ബാബു അബ്ദുള്‍റഹ്മാന്‍, എം.ഒ. സജി, ഡോ. എ. അനിത, ഡോ. കെ.ജി. ജയന്‍, ഡോ. മനു പി. വിശ്വം, സ്കൂള്‍ പ്രഥമാധ്യാപകന്‍ എന്‍.യു. ടോമി, മാനേജര്‍ ഫാ. ജയിംസ് പുത്തന്‍പറമ്ബില്‍, മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ് യു.എ. അജ്മല്‍ സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു.