പിഎഫ് പെൻഷൻ: കേരളത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ 30,000



കൊച്ചി ∙ സംസ്ഥാനത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഓഫിസുകളിൽ തീരുമാനമാകാതെ മുപ്പതിനായിരത്തിലേറെ പിഎഫ് പെൻഷൻ അപേക്ഷകൾ. നിലവിൽ പെൻഷൻ വാങ്ങുന്നവർ ഉയർന്ന പെൻഷനു വേണ്ടി നൽകിയ അപേക്ഷകളും ഇതുവരെ പെൻഷൻ ലഭിക്കാത്തവരുടെ അപേക്ഷകളും ഇതിൽപെടും.
കേരള ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം, ഏറ്റവും അവസാനത്തെ ശമ്പളം അടിസ്ഥാനമാക്കിയുള്ള ഫോർമുല പ്രകാരം ഉയർന്ന പെൻഷനു സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അർഹതയുണ്ട്. എന്നാൽ, ഇത് ഇപിഎഫ്ഒ സ്വമേധയാ നൽകിത്തുടങ്ങിയിട്ടില്ല. ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ വിധി നേടിയ ശേഷം അപേക്ഷിക്കുന്നവർക്കു മാത്രമാണ് ഉയർന്ന പെൻഷൻ അനുവദിക്കുന്നത്.

പഴയ രീതിയിൽ പെൻഷൻ മതിയെന്ന സത്യവാങ്മൂലം നൽകിയാൽ പെൻഷൻ നൽകാമെന്നു പുതിയ അപേക്ഷകരിൽ ചിലരോട് ഇപിഎഫ്ഒ അധികൃതർ പറയുന്നതായി പരാതിയുണ്ട്. സത്യവാങ്മൂലം നൽകുന്നതോടെ ഉയർന്ന പെൻഷന് അർഹത നഷ്ടപ്പെടും.
ഉയർന്ന പെൻഷൻ അനുവദിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ ഇപിഎഫ്ഒയും കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ പുനഃപരിശോധനാ ഹർജിയിൽ തീരുമാനമാകാത്തതാണ് അപേക്ഷകൾ മാറ്റിവയ്ക്കാനുള്ള പ്രധാന കാരണമായി ഇപിഎഫ്ഒ പറയുന്നത്.
വിരമിക്കുന്നതിനു തൊട്ടു മുൻപുള്ള വർഷങ്ങളിൽ വൻ ശമ്പളവർധന കാണിച്ച് പെൻഷൻ തട്ടിപ്പു നടത്താനുള്ള ശ്രമങ്ങൾ കണ്ടെത്തിയതിനാൽ, 1995 മുതലുള്ള ശമ്പളരേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. മാർഗനിർദേശങ്ങളിൽ അവ്യക്തതയുണ്ട്. അപേക്ഷകളുടെ ആധിക്യവും ജീവനക്കാരുടെ കുറവും നടപടി വൈകുന്നതിനു കാരണമാണെന്നും അധികൃതർ വിശദീകരിച്ചു.
അപേക്ഷ ഇങ്ങനെ
ഉയർന്ന പെൻഷൻ അനുവദിക്കാൻ അപേക്ഷകൻ ജോയിന്റ് ഓപ്ഷൻ ഫോമിൽ സ്ഥാപനത്തിന് അപേക്ഷ നൽകണം. പെൻഷന് അർഹമായ ശമ്പളത്തിന്റെ കണക്കു വ്യക്തമാക്കുന്ന 3എ ഫോം സഹിതം ഈ അപേക്ഷ സ്ഥാപനമാണ് ഇപിഎഫ്ഒയ്ക്കു സമർപ്പിക്കേണ്ടത്. നിലവിലുള്ള തൊഴിലാളികൾ ഉയർന്ന പെൻഷനു വേണ്ടിയുള്ള ഓപ്ഷൻ സ്ഥാപനത്തിനു നൽകണം.
∙ 5,600 – ഇപിഎഫ്ഒ എറണാകുളം മേഖലാ ഓഫിസിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ
∙ 25,000 – തിരുവനന്തപുരം, കോഴിക്കോട് മേഖലാ ഓഫിസുകളിലും കൊല്ലം, കോട്ടയം, കണ്ണൂർ സബ് റീജനൽ ഓഫിസുകളിലുമായി തീരുമാനമാകാത്ത അപേക്ഷകൾ