കെ.എസ്.ആര്.ടി.സി എ.സി ചില് ബസുകള്‍ പിന്‍വലിക്കുന്നു
കോഴിക്കോട്: ചില് ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കുന്നു. ലാഭകരമല്ല എന്ന പേരിലാണ് നടപടിയെങ്കിലും ശബരിമല സീസണ് പ്രമാണിച്ച് ഈ മാസം പകുതിയോടെ ഇവയെ നിലക്കല്‍-പമ്ബ സര്‍വിസിന് ഉപയോഗിക്കുമെന്നാണ് സൂചന. ഇതിെന്റ ഭാഗമായി ചില് ബസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നിര്‍ത്തി. കോര്‍പറേഷെന്റ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ടോമിന് തച്ചങ്കരി എം.ഡിയായിരിക്കെയാണ് കെ.എസ്.ആര്.ടി.സിയുടെ എ.സി ബസുകള്‍ ചില് ബസുകള്‍ എന്ന പേരില്‍ സര്‍വിസ് തുടങ്ങിയത്. പ്രതിദിനം ശരാശരി മുപ്പതിനായിരം രൂപ വരുമാനം ലഭിക്കുന്ന ഈ സര്‍വിസുകള്‍ ഇതുവരെ ഒരു തവണപോലും മുടങ്ങിയിട്ടില്ല.
തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂര്‍ ഇടവിട്ട് എറണാകുളത്തേക്കാണ് ആദ്യം തുടങ്ങിയത്. കൊല്ലം, ആലപ്പുഴ വഴിയും കൊട്ടാരക്കര, കോട്ടയം വഴിയും സര്‍വിസ് ഉണ്ട്. പിന്നീട് എറണാകുളത്തുനിന്ന് നെടുമ്ബാശ്ശേരി, തൃശൂര്‍ വഴി കോഴിക്കോട്ടേക്കും സര്‍വിസ് തുടങ്ങി. കോഴിക്കോട്-പാലക്കാട്, എറണാകുളം-പാലക്കാട് റൂട്ടുകളിലും സര്‍വിസ് ഉണ്ട്. ഡിപ്പോകളില്‍ കിടക്കുന്ന പഴയ എ.സി ബസുകള്‍ നന്നാക്കി ശബരിമലക്ക് നിയോഗിക്കാനാണ് ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍, ഇവ നന്നാക്കി ഇറക്കുന്നതില്‍ കോര്പറേഷന് പരാജയപ്പെട്ടു.
ഇതോടെയാണ് ചില് ബസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇവ പിന്‍വലിച്ചാല്‍ കോര്‍പറേഷെന്റ വരുമാനം ഇനിയും കുറയുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നേരേത്ത ദീര്‍ഘദൂര ഫാസ്റ്റുകള്‍ ചെയിന്‍ സര്‍വിസ് ആക്കിയതോടെ വരുമാനത്തില്‍ കുറവുണ്ടായിരുന്നു. 45 ദിവസത്തോളം നിരത്തില്‍നിന്ന് മാറിനിന്നശേഷം വീണ്ടും ആരംഭിച്ചാലും പഴയപോലെ യാത്രക്കാരെ കിട്ടില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.


0 Comments