ഡിവൈഡര്‍ കണ്ടില്ല; താണയില്‍ കാര്‍ ഇടിച്ചുകയറി




കണ്ണൂര്‍: ഡിവൈഡര്‍ ഉണ്ടായിട്ടും വാഹനാപകടം കുറയാതെ നഗരത്തിലെ ദേശീയപാത. സുരക്ഷ വര്‍ധിപ്പിക്കാന്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ രാത്രി കാണാത്തതാണ് അപകടക്കെണിയാവുന്നത്. ഞായറാഴ്ച രാത്രി 9.50-ന് താണയില്‍ കാര്‍ അപകടത്തില്‍പ്പെട്ടു.

കണ്ണൂരില്‍നിന്ന് ചൊവ്വ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഡിവൈഡറിന് മുകളിലേക്ക് ഇടിച്ചുകയറിയത്. താണ ജല അതോറിറ്റി ഓഫീസിന് മുന്നിലായിരുന്നു അപകടം. മുന്നില്‍ ചെറിയ ഒരു റിഫ്ളക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് റോഡിലുണ്ടായവര്‍ പറഞ്ഞു. ആര്‍ക്കും അപകടമില്ല. ഇടിച്ചുകയറിയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് എടുത്തുമാറ്റി.

തെക്കിബസാര്‍, താണ, മേലെചൊവ്വ തുടങ്ങിയ സ്ഥലങ്ങളില്‍ ഡിവൈഡറില്‍ ഇടിച്ച്‌ ഒട്ടേറെ അപകടങ്ങളുണ്ടായി. അവ എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി ഇതുവരെ പരിശോധിച്ചിട്ടില്ല. ഡിവൈഡര്‍ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും മുന്‍കരുതല്‍ മുന്നറിയിപ്പ് ഇല്ലാത്തതാണ് പ്രധാന പ്രശ്നം. പലയിടത്തും റിഫ്ളക്ടര്‍ മാഞ്ഞുപോയി. അത് ശരിയാക്കിയിട്ടില്ല. ചിലയിടങ്ങളില്‍ പേരിനുമാത്രമായി വെച്ചിട്ടുണ്ട്.