അനാരോഗ്യകരമായ ജീവിതശൈലി; 50 കഴിഞ്ഞ പുരുഷന്മാരില് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുന്നു; പത്തൊമ്ബത് വര്‍ഷത്തിനിടെ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ 220 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: പുരുഷന്മാരില് അന്പതിനു മുകളില്‍ പ്രായമുള്ളവരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നുണ്ടെന്നു കൊച്ചി ലേക്ഷോര് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വകുപ്പു മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റ് യൂറോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. ജോര്‍ജ് പി. ഏബ്രഹാം. രാജ്യത്ത് 25,000 പേര്‍ക്കു പ്രതിവര്‍ഷം പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗനിര്‍ണയം നടത്തുന്നുണ്ടെന്നും കാന്‍സര്‍ ബോധവത്കരണ ദിനത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ അപകടകരമായ കണക്കുകളാണു പുറത്തുവരുന്നത്. പ്രായം കൂടുന്തോറും രോഗഭീഷണിയും വര്‍ധിക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗനിര്‍ണയം പുരുഷന്മാരില് പൊതുവേ 65 - 69 പ്രായത്തിലാണു നടക്കാറുള്ളത്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 1990 മുതല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗബാധിതരുടെ എണ്ണത്തില്‍ 220 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 2020 ഓടെ ഇതു വീണ്ടും വര്‍ധിക്കുമെന്നാണു നാഷണല്‍ കാന്‍സര്‍ റെജിസ്ട്രി പ്രോഗ്രാം കണക്കാക്കുന്നത്.
വിപരീത ജീനുകളുടെ സാന്നിധ്യംകൊണ്ട് പ്രോസ്റ്റേറ്റ് ഗ്രന്ഥികളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതോടെയാണു പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധാരണയായി തുടങ്ങുന്നത്. അനാരോഗ്യകരമായ ജീവിതശൈലി ഇതിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. സിഗരറ്റ് ഉപഭോഗം നിയന്ത്രിക്കുന്നതും ആരോഗ്യകരമായ ഭക്ഷണരീതിയും വിഷമില്ലാത്ത പച്ചക്കറികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ജങ്ക് ഫുഡ് പരമാവധി കുറയ്ക്കുന്നതും പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രതിരോധത്തിനു സഹായകരമാണ്. ആദ്യഘട്ടത്തില്‍ കണ്ടെത്തി സര്‍ജറി ഉള്‍പ്പടെയുള്ള ചികിത്സകള്‍ നടത്തിയാല്‍ പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാം. കൂടുതല്‍ ഫലപ്രദമായ റോബോട്ടിക് സര്‍ജറി ചെലവു കുറഞ്ഞ രീതിയില്‍ കൊച്ചിയില്‍ വൈകാതെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും ഡോക്ടര്‍ പറഞ്ഞു.


0 Comments