75 മരുന്നുകള്‍ക്ക് പുതിയ വില, 59 എണ്ണവും പ്രത്യേക ബ്രാന്‍ഡിനങ്ങള്‍
കൊച്ചി: അവശ്യമരുന്നു വിലനിയന്ത്രണ നിയമപ്രകാരം 75 മരുന്നിനങ്ങളുടെ വില ദേശീയ ഔഷധവിലനിയന്ത്രണ സമിതി പുതുക്കി. 59 പ്രത്യേക ബ്രാന്‍ഡിനങ്ങളുള്‍പ്പെടെ 60 എണ്ണമാണ് പുതിയ പട്ടികയിലുള്ളത്. 15 മരുന്നുകളുടെ വില ചെറിയതോതില്‍ കൂടും.
എച്ച്.ഐ.വി. ബാധയ്ക്കെതിരേ ഉപയോഗിക്കുന്ന എംട്രിസിറ്റാബിനും ടെനോഫോവിറും ചേര്‍ന്ന മരുന്നിന്റെ പല ബ്രാന്‍ഡുകളുടെയും വകഭേദങ്ങളുടെയും വിലയാണ് പുനര്‍നിര്‍ണയിച്ചതില്‍ കൂടുതലും. ഇതിന്റെ അടിസ്ഥാന സംയുക്ത ഗുളികയുടെ വില 55.33 രൂപയില്‍നിന്ന് 57.69 രൂപയായായി.
എല്ലാവര്‍ഷവും മൊത്ത വിലസൂചികയുടെ അടിസ്ഥാനത്തില്‍ അവശ്യമരുന്നു വില ക്രമീകരിക്കാറുണ്ട്. മേല്പറഞ്ഞ മരുന്നുസംയുക്തത്തിലെ പ്രധാന ചേരുവയായ ടെനോഫോവിറിന്റെ വില ഏപ്രിലില്‍ പുനര്‍നിര്‍ണയിച്ചിരുന്നു. നാലേകാല്‍ ശതമാനം വര്‍ധനയാണ് മൊത്തവിലസൂചികയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ഈ വില വ്യത്യാസം ഇതടങ്ങുന്ന സംയുക്തങ്ങളില്‍ നടപ്പാക്കാന്‍ വിലനിയന്ത്രണസമിതി തയ്യാറായിരുന്നില്ല. ഇതിനെതിരേ നിര്‍മാതാക്കളില്‍ ചിലര്‍ നല്‍കിയ പരാതിയില്‍ ഔഷധമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് വില കൂട്ടല്‍. ടെനോഫോവിറിന്‍ അലാഫെനാമൈഡിന്റെ 11 ഇനങ്ങള്‍ക്കും നാലേകാല്‍ ശതമാനത്തോളം വില കൂട്ടിയിട്ടുണ്ട്.
ശ്വാസംമുട്ടിന് ഉപയോഗിക്കുന്ന ഇന്‍ഹേലര്‍ മരുന്നായ ടയോട്രോപ്പിയത്തിന്റെ വിലയും മാറി. ഒരു മീറ്റര്‍ ഡോസ് വില 2.17 രൂപയില്‍നിന്ന് 2.36 രൂപയാക്കി. ശസ്ത്രക്രിയകള്‍ക്ക് മുമ്ബും ശേഷവും അണുബാധയുണ്ടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന പോവിഡോണ്‍ അയഡിന്‍ ഓയിന്‍മെന്റും വില നിയന്ത്രണത്തിലേക്ക് വന്നു. ഇതിന്റെ ദ്രവരൂപത്തിലുള്ള അഞ്ചിനം നിലവില്‍ വിലനിയന്ത്രണമുള്ളവയാണ്.
പുതിയതായി പട്ടികയിലെത്തിയ 59 ബ്രാന്‍ഡ് മരുന്നുകളില്‍ പ്രമേഹം, രക്തസമ്മര്‍ദം, അണുബാധ തുടങ്ങിയവയ്ക്കുള്ള മരുന്നുകളെല്ലാം ഉള്‍പ്പെടും. ഇത്തരം മരുന്നുകളുെട രാസമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലകള്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ പ്രത്യേകചേരുവകള്‍ ചേര്‍ത്ത് ചില കമ്ബനികള്‍ നിര്‍മിക്കുന്ന മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടാതെ പോകാറുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ പട്ടിക. പുതിയ വില ചരക്ക്-സേവന നികുതി ഉള്‍പ്പെടുത്താത്തതാണ്.


0 Comments