കുളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരിക്ക് രക്ഷകരായി മീന്‍ പിടിക്കാനെത്തിയ യുവാക്കള്‍




കുളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ച്‌ കയറ്റി മീന്‍ പിടിക്കാനെത്തിയ യുവാക്കള്‍. ആലപ്പുഴ മുഹമ്മയില്‍ സഫിന ഫാത്തിമ എന്ന കുഞ്ഞിനെയാണ് ബാലു, സുനില്‍ എന്നീ യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.


കുളത്തില്‍ മീന്‍ പിടിക്കാന്‍ എത്തിയ ബാലുവും സുനിലും. വെള്ളത്തില്‍ അനക്കം കണ്ട് മീനാണെന്നു കരുതി നോക്കിയപ്പോഴായിരുന്നു ഒരു കുഞ്ഞിക്കൈ കണ്ടത്. ഉടനെ അതിര്‍ത്തിവേലി പൊളിച്ച്‌ കുളത്തിലേക്ക് എടുത്തുചാടി ഇവര്‍ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.


മണ്ണഞ്ചേരി കാവുങ്കല്‍ രണ്ടാംവാര്‍ഡ് വടക്കേ തൈയില്‍ നിഷാദിന്റെയും ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ഓഫീസിലെ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമിലയുടെയും മകളാണ് സഫിന ഫാത്തിമ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സഹോദരങ്ങളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം.