മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചു, ബിജെപി സഭ ബഹിഷ്കരിച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ത്രികക്ഷി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്.
എന്നാൽ വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേർത്തതെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ്ഡനാവിസ് ആരോപിച്ചു. സമ്മേളനം ആരംഭിച്ചപ്പോൾ 'വന്ദേ മാതരം' ആലപിച്ചില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. ഫഡ്നാവിസിന്റെ ആരോപണം സഭയിൽ ബഹളത്തിന് വഴിവെച്ചു.
പ്രത്യേകസമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിട്ടുണ്ടെന്നും സമ്മേളനം നിയമപ്രകാരമാണ് നടക്കുന്നതെന്നും പ്രോടേം സ്പീക്കർ ദിലീപ് പാട്ടീൽ മറുപടി നൽകി. സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന പതിവ് മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫഡ്നാവിസ് സഭയിൽ വ്യക്തമാക്കി.
ബഹളത്തിന് പിന്നാലെ ബി.ജെ.പി. അംഗങ്ങൾ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങി.


0 Comments