ഷെയ്‌ന്‍ തമിഴിലേക്ക്?; വിക്രമിന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണം
തമിഴില്‍നിന്ന് അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെന്ന് യുവതാരം ഷെയ്‌ന്‍ നിഗം. ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രത്തിലേക്കാണ് ക്ഷണം. ഇമൈക്ക നൊടികള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം. സിനിമയുടെ റഷ്യന്‍ ഷെഡ്യൂളിലായിരിക്കും ഷെയ്‌ന്‍ അഭിനയിക്കുക. ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് നീക്കം. മലയാള സിനിമാ നിര്‍മാതാക്കളുടെ വിലക്ക് ഭീഷണി നേരിടുന്ന താരം തമിഴിലേക്ക് ഇപ്പോള്‍ ചുവടുമാറ്റുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല.
വിലക്ക് ഭീഷണിയും സംഘടനാതര്‍ക്കവുംമൂലം ഷെയ്‌ന്‍ നിഗമിന്റെ കുര്‍ബാനി, വെയില്‍, ഉല്ലാസം തുടങ്ങിയ ചിത്രങ്ങള്‍ ഇപ്പോള്‍ വിവിധഘട്ടങ്ങളില്‍ തടയപ്പെട്ടിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരണവുമായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നുണ്ട്. ഇരുഭാഗത്തും അപക്വമായ സമീപനമുണ്ടായെന്ന് പ്രമുഖ സംവിധായകന്‍ ആഷിക് അബു പ്രതികരിച്ചു. കലാകാരനെ വിലക്കുന്നതും നടന്‍ സിനിമയെ ലാഘവത്തോടെ കാണുന്നതും ശരിയല്ല. മുടങ്ങിപ്പോയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഷെയ്‌ന്‍ തയ്യാറാകണം. സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ആഷിഖ് അബു പ്രതികരിച്ചു.
മികച്ച അഭിനേതാവാണെങ്കിലും അച്ചടക്കം പാലിക്കാന്‍ നടന്‍ ബാധ്യസ്ഥനാണെന്ന് പ്രമുഖ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്ബി പ്രതികരിച്ചു.അദ്ദേഹത്തിന്റെ കുറിപ്പില്‍നിന്ന്-: 'മോഹന്‍ലാല്‍ എന്റെ 'എനിക്കും ഒരു ദിവസം ' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ 22 വയസ്സാണ് പ്രായം. തന്റെ ജോലിയില്‍ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാല്‍ കാണിച്ചിരുന്നു. പക്വതയുള്ള ആ പെരുമാറ്റവും അച്ചടക്കവും കഠിനാധ്വാനവുമാണ് അന്നത്തെ ആ ചെറുപ്പക്കാരനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. 'മുന്നേറ്റം' എന്ന സിനിമയില്‍ അഭിനയിക്കുമ്ബോള്‍ മമ്മൂട്ടിയും തികഞ്ഞ അച്ചടക്കം പാലിച്ചിരുന്നു. മികച്ച സഹകരണവും നല്‍കിയിരുന്നു. സ്വന്തം തെറ്റ് സ്വയം തിരിച്ചറിഞ്ഞ് തിരുത്തുന്നവനാണ് ലക്ഷ്യബോധമുള്ള കലാകാരന്‍. പിതാവ് അബിയുടെ ആഗ്രഹംപോലെ ഷെയ്ന്‍ ഉയരങ്ങളിലെത്തട്ടെ... ' ശ്രീകുമാരന്‍തമ്ബി കുറിച്ചു.
അതേസമയം, ഷെയ്‌നിന് പൂര്‍ണ പിന്തുണ അറിയിച്ച് നടന്‍ ജോയ് മാത്യു രംഗത്തുവന്നു. നായകനായി ജീവിച്ചുകളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളില്‍ ഒരാളായിട്ടല്ല ഷെയ്‌നെന്നും അതുകൊണ്ട് അയാളുടെ രീതികളും എടുത്തു ചാട്ടങ്ങളും അച്ചടക്കമില്ലായ്മയായി വിലയിരുത്തപ്പെട്ടെന്നും താരം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.


0 Comments