ഗുജറാത്ത് കലാപം ആസൂത്രിതമല്ല; മോദിക്കെതിരെ തെളിവില്ല; ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍‌ട്ട്



ആയിരം പേർ കൊല്ലപ്പെട്ട  2002 ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക്  ക്ലീൻ ചിറ്റ്. കലാപം അന്വേഷിച്ച നാനവതി കമ്മീഷൻ റിപ്പോർട്ടിലാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയത്. കലാപം ആസുത്രിതമല്ലായിരുന്നുവെന്നും സംഭവത്തിൽ സർക്കാരിന് പങ്കില്ലെന്നും റിപ്പോർട്ടിൽ  പറയുന്നു. 2008ൽ സമ്മർപ്പിച്ച കമ്മീഷൻറെ ഇടക്കാല റിപ്പോർട്ടിലും മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

2002 ൽ നടന്ന ഗുജറാത്ത് കലാപത്തിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടില്ലെന്നാണ് കമ്മീഷൻറെ കണ്ടെത്തൽ. കലാപം ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നിട്ടും മോദി സർക്കാർ അത് അവഗണിച്ചതാണ് ആയിരത്തിലധികം പേർ മരിക്കാൻ ഇടയാക്കിയ കലാപത്തിന് കാരണമെന്നായിരുന്നു ആരോപണം. എന്നാൽ ഇത് കമ്മീഷൻ തള്ളി. ആസൂത്രിതമായിരുന്നില്ല കലാപമെന്നും സംഭവത്തിൽ അന്നത്തെ ഗുജറാത്ത് സർക്കാരിന് പങ്കില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.

2014 ൽ സമർപ്പിച്ച് റിപ്പോർട്ട് ഇന്നാണ് ഗുജറാത്ത് സർക്കാർ നിയമസഭയിൽ വെച്ചത്. സർക്കാരിനെതിരെ പൊലീസ് ഉദ്യോഗസ്ഥരായ  ആർ.ബി ശ്രീകുമാർ, രാഹുൽ ശർമ്മ , സജ്ഞീവ് ഭട്ട് എന്നിവർ നൽകിയ മൊഴികൾ സംശയാസ്പതമാണെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

ജസ്റ്റിസ് നാനാവതി ജസ്റ്റിസ് അക്ഷയ് മേത എന്നിവർ അംഗങ്ങളായ കമ്മീഷനാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിൽ ഉണ്ടായ തീപിടുത്തിൽ 59 കര്‍സേവകര്‍ മരിച്ചതിനെ തുടർന്നാണ് ഗുജറാത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ഒരാഴ്ചക്കാലം നീണ്ടും നിന്ന കലാപത്തിൽ ആയിരത്തിലികം പേർ കൊല്ലപ്പെട്ടു. ഗോധ്ര കലാപം ആസൂത്രിതമായിരുന്നുമെന്ന്  2008 ൽ നാനാവതി കമ്മീഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.