അവധിക്കാലത്ത് യാത്രക്കാരെ പിഴിഞ്ഞാല്‍ ബസുകളെ പൂട്ടും; നടപടിക്കു സര്‍ക്കാര്‍
കൊച്ചി: അവധി ദിനങ്ങള്‍ മുന്നില്‍ കണ്ട് യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം. മോട്ടോര്‍ വാഹന വകുപ്പിനാണു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ക്രിസ്തുമസ്, പുതുവല്‍സരം അടക്കമുള്ള ആഘോഷവേളകള്‍ മറയാക്കി അന്തര്‍ സംസ്ഥാന ബസുകള്‍ യാത്രക്കാരെ പിഴിയുകയാണെന്ന പരാതി വ്യാപകമായതോടെയാണു കര്‍ശന നടപടിക്കു നിര്‍ദേശം നല്‍കിയത്. ബംഗളുരുവില്‍നിന്ന് എറണാകുളം അടക്കമുള്ള പ്രദേശങ്ങളിലേക്ക് 1500 രൂപയാണ് കൂടുതല്‍ ഈടാക്കുന്നത്. ഇക്കാര്യം വെബ്സൈറ്റുകളില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
നിയമവിരുദ്ധമായി ഇത്തരത്തില്‍ ചാര്‍ജ് ഈടാക്കുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


0 Comments