മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ്: കണ്ണൂർ ജില്ലക്ക് മികച്ച നേട്ടം


ഹരിതകേരളം മിഷന്‍ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡില്‍ മികച്ച നേട്ടവുമായി കണ്ണൂര്‍ ജില്ല. വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍പന്തിയിലെത്തി. ഗ്രാമപഞ്ചായത്തുകളില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. മണ്ണിന്റെയും മനുഷ്യന്റെയും ഭാവിയെ ലക്ഷ്യം വച്ചുള്ള ആരാമം പദ്ധതി, സമ്പൂര്‍ണ്ണ ഫ്‌ളകസ് നിരോധനം, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനം തുടങ്ങിവയില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങളാണ് പടിയൂരിനെ ഒന്നാംസ്ഥാനത്തിന് അര്‍ഹമാക്കിയത്. ബ്ലോക്ക്പഞ്ചായത്ത് വിഭാഗത്തില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനം നേടി.  വിഭവ പരിമിതിയും ഇടപെടല്‍ പരിമിതിയും അതിജീവിച്ച് മാലിന്യ സംസ്‌കരണ രംഗത്ത് തനതും നൂതനവുമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും അവയുടെ ഏകോപനവും നിര്‍വ്വഹണവും പരിഗണിച്ചാണ് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ  നേട്ടത്തിന് അര്‍ഹമാക്കിയത്.  മുനിസിപ്പാലിറ്റിയില്‍ ആന്തൂര്‍ നഗരസഭ മൂന്നാംസ്ഥാനത്തിന് അര്‍ഹമായി. ജൈവ അജൈവ മാലിന്യങ്ങളുടെ കൃത്യമായ സംസ്‌ക്കരണം, പ്ലാസ്റ്റിക്ക് നിരോധനം എന്നിവയാണ് ആന്തൂരിന്റെ നേട്ടത്തിന് പിന്നില്‍. ജില്ലാതലത്തില്‍ ചെറുതാഴം പഞ്ചായത്തിനാണ് ഒന്നാംസ്ഥാനം. സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം നേടിയ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫലകവും സാക്ഷ്യപത്രവും 10 ലക്ഷം രൂപയും രണ്ടാംസ്ഥാനത്തിന് ഫലകവും സാക്ഷ്യപത്രവും ഏഴു ലക്ഷം രൂപയും മൂന്നാംസ്ഥാനത്തിന് ഫലകവും സാക്ഷ്യപത്രവും അഞ്ച് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും മൂന്നു ലക്ഷം രൂപയും ലഭിക്കും.