മോട്ടോര്‍ വാഹനനിയമം: സംസ്ഥാനങ്ങള്‍ക്കു പിഴ കുറയ്ക്കാനാവില്ല: കേന്ദ്രം
ന്യൂഡല്‍ഹി: പുതുക്കിയ മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പുനല്‍കി.
കേരളവും ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തുമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ മോട്ടോര്‍വാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നിയമമന്ത്രാലയത്തോട് സെപ്റ്റംബറില്‍ ഗതാഗതമന്ത്രാലയം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബര്‍ ഒന്നിനാണ് ഭേദഗതി വന്നത്. നിയമം പാര്‍ലമെന്റ് പാസാക്കിയതായതിനാല്‍ അതിനെ മറികടന്ന് കുറഞ്ഞ പിഴയീടാക്കാനുള്ള നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 256-ാം അനുച്ഛേദപ്രകാരം കേന്ദ്രനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. കൂടാതെ 356-ാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ സാധിക്കുമെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.
നിലപാട് കര്‍ക്കശമാക്കുന്നതോടെ കേന്ദ്രനിയമം സംസ്ഥാനങ്ങള്‍ നടപ്പാക്കേണ്ടിവരും. നിയമഭേദഗതി വന്നതിനുശേഷം കുറഞ്ഞ പിഴയീടാക്കിയ ആദ്യസംസ്ഥാനം ഗുജറാത്താണ്. പിന്നാലെ മറ്റുസംസ്ഥാനങ്ങളും രംഗത്തെത്തി.
ഒരു നിയമത്തെച്ചൊല്ലി ഒരേസമയം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കേന്ദ്രത്തിനാണ് മേല്‍ക്കൈയെന്ന് ഭരണഘടനയുടെ 254-ാം അനുച്ഛേദം അനുശാസിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുക തുടങ്ങി 24 കുറ്റങ്ങള്‍ക്ക് തത്സമയം പിഴയടച്ചാല്‍ മതിയെന്നും കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കുറഞ്ഞ പിഴയും കോടതിയിലെത്തി പിഴ അടയ്ക്കണമെന്ന വ്യവസ്ഥയും ഗുജറാത്ത് കൊണ്ടുവന്നു.
0 Comments