ഈജിപ്തില്‍നിന്ന് സവാള അടുത്തയാഴ്ച; കേരളം ആവശ്യപ്പെട്ടത് 460 ടണ്‍

തൃശ്ശൂര്‍: വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ക്ഷാമം പരിഹരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഈജിപ്തില്‍നിന്ന് സവാള അടുത്തയാഴ്ച മുംബൈയിലെത്തും. സവാള വാങ്ങുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ഏജന്‍സിയായ നാഫെഡിന് കത്തയച്ചു.

കേരളം 460 ടണ്ണാണ് ആവശ്യപ്പെട്ടത്. ആഴ്ചയില്‍ 115 ടണ്‍ സവാള കേരളത്തിന് ആവശ്യമുണ്ടെന്ന് കേരളം കത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ 300 ടണ്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും 160 ടണ്‍ ഹോര്‍ട്ടികോര്‍പ്പുമാണ് വാങ്ങുന്നത്. ഡിസംബര്‍ 10-നും 17-നും മധ്യേ മുംബൈ തുറമുഖത്ത് സവാള എത്തും.

മുംബൈയില്‍നിന്ന് കിലോയ്ക്ക് 60-നും 65-നും ഇടയില്‍ വിലവരുമെന്നാണ് നാഫെഡ് കണക്കാക്കുന്നത്. ഇവിടെനിന്ന് വാങ്ങുന്ന സവാള കേരളത്തിലെത്തുമ്ബോള്‍ കിലോയ്ക്ക് പരമാവധി അഞ്ചുരൂപകൂടി വര്‍ധിക്കും.
കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ഒന്നരലക്ഷം ടണ്‍ സവാള ഇറക്കുമതിചെയ്യുന്നത്. ഇതില്‍ 20,000 ടണ്ണാണ് അടുത്തയാഴ്ച എത്തുന്നത്. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷനാണ് ഇറക്കുമതിക്കുള്ള ചുമതല. രാജ്യത്തെത്തുന്ന സവാള വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ചുമതല കൃഷിമന്ത്രാലയത്തിന് കീഴിലുള്ള നാഫെഡിനാണ്.

2500-ഓളം ടണ്ണിന്റെ ഓര്‍ഡറുകളാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കിട്ടിയത്. തമിഴ്‌നാട് 500-ടണ്‍, ആന്ധ്രാപ്രദേശ്-300 ടണ്‍, തെലങ്കാന-500 ടണ്‍, കര്‍ണാടക-480 ടണ്‍ എന്നിങ്ങനെയാണ് ദക്ഷിണേന്ത്യയില്‍നിന്നുള്ള ഓര്‍ഡറുകള്‍. വില നിശ്ചയിച്ചശേഷം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ഹോര്‍ട്ടികോര്‍പ്പിന്റെ കേന്ദ്രങ്ങളിലൂടെയും വില്‍ക്കും.