ആടുജീവിതം തോറ്റുപോകും, അന്‍ഷാദിന്റെ കഥ കേട്ടാല്‍
അമ്പലപ്പുഴ: പട്ടിണി... ക്രൂര്‍മര്‍ദനം... ഉപ്പുവെള്ളം കുടിച്ചതുമൂലമുണ്ടായ അടിവയറ്റിലെ വേദന. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണ്ണിലൂടെ നടന്ന ദൂരത്തിന് കണക്കില്ല. അന്‍ഷാദ് ജീവിതകഥ പറയുമ്ബോള്‍ ബെന്യാമിന്റെ ആടുജീവിതം നോവലിലെ നജീബിന്റെയും ഹക്കീമിന്റെയും അനുഭവം ഒന്നുമല്ലെന്നുതോന്നും.
സൗദി മരുഭൂമിയിലെ ദുരിതജീവിതത്തില്‍നിന്ന് മോചനംനേടി വീട്ടിലെത്തിയ അമ്ബലപ്പുഴ കാക്കാഴം സ്വദേശി അന്‍ഷാദ് തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.
2017 ഒക്ടോബര്‍ 17-നാണ് സൗദിയില്‍ ചെന്നിറങ്ങിയത്. വിമാനത്താവളത്തില്‍ ഖഫീല്‍ കാറുമായി കാത്തുനിന്നിരുന്നു. കണ്ണെത്താദൂരം നീളുന്ന മരുഭൂമിയിലൂടെ കാര്‍ നീങ്ങിയപ്പോള്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചു. കാറോടിച്ചിരുന്ന ഖഫീല്‍ എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ബഹളംവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. നൂറുകിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ജോലിസ്ഥലമായ ടെന്റില്‍ എത്തിയത്. ഒരു സുഡാനിയും 37 ഒട്ടകങ്ങളുമായിരുന്നു അവിടെയുണ്ടായിരുന്നത്. കാറില്‍നിന്ന് ഇറങ്ങിയപ്പോള്‍ത്തന്നെ ഉപദ്രവിച്ച് ഖഫീല്‍ പാസ്‌പോര്‍ട്ട് പിടിച്ചുവാങ്ങി. ഒട്ടകങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പറഞ്ഞു. 25 ഒട്ടകങ്ങളും അവയുടെ 12 കുഞ്ഞുങ്ങളെയുമായിരുന്നു പരിപാലിക്കേണ്ടത്. രാവിലെ ഏഴുമണിക്ക് ഒട്ടകങ്ങളുമായി അവയെ തീറ്റാന്‍ മരുഭൂമിയിലൂടെ പത്ത് കിലോമീറ്റര്‍ ദൂരം നടന്നുപോകണം. ഒട്ടകങ്ങളുമായി തിരികെയെത്തുമ്ബോള്‍ നേരം ഇരുട്ടും. പത്ത് കിലോ മൈദയും അഞ്ച് കിലോ പരിപ്പുമാണ് ഒരുമാസത്തെ ആഹാരത്തിനായി തരുന്നത്. രാവിലെ നേരത്തെ ഉണര്‍ന്ന് ചപ്പാത്തിയും പരിപ്പുകറിയും വെക്കണം. ചിലപ്പോള്‍ ഇത് കഴിക്കും മുമ്ബ് ഒട്ടകങ്ങള്‍ നടന്നുതുടങ്ങും. അന്നത്തെ ദിവസം മുഴുവന്‍ പട്ടിണിയാകും. ടാങ്കറില്‍ കൊണ്ടുവരുന്ന ഉപ്പുവെള്ളമാണ് കുടിക്കാനുള്ളത്. ഒരുടാങ്കര്‍ വെള്ളം ഏഴ് ദിവസം ഉപയോഗിക്കണം. കുടിക്കാനല്ലാതെ വെള്ളമെടുത്താല്‍ ഖഫീല്‍ തടയും. ആഴ്ചയില്‍ നാല് ദിവസം ഖഫീല്‍ കാണില്ല. ആ ദിവസം മാത്രമാണ് കുളിക്കാന്‍ സാധിക്കുക. മൂന്നുമാസം കഴിഞ്ഞപ്പോള്‍ സൗദിയിലുള്ള നാട്ടുകാരനായ സിയാദിന്റെ സഹായത്താല്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍, ഖഫീല്‍ കാറില്‍ പിന്തുടര്‍ന്നുവന്ന് പിടിച്ചു. ഒടുപാട് ഉപദ്രവിച്ചു. കമ്ബികൊണ്ട് നടുവിനും തുടയ്ക്കും മുറിവേല്‍പ്പിച്ചു. ഒരുദിവസം മുഴുവന്‍ ആഹാരവും വെള്ളവും നല്‍കാതെ മുറിയിലിട്ടുപൂട്ടി. പിന്നീട്, മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്ത ബിജാരിയ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനിടെ സുഡാനി ടെന്റില്‍നിന്ന് രക്ഷപ്പെട്ടു. തനിച്ചായി. ചെന്ന് രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഖഫീലിനോട് ശമ്ബളം ചോദിച്ചെങ്കിലും നല്‍കിയില്ല.
രക്ഷയില്ല എന്ന് ഉറപ്പായതോടെയാണ് കഴിഞ്ഞമാസം ആറിന് ടെന്റില്‍നിന്ന് കടന്നത്. പക്ഷേ, പിന്തുടര്‍ന്ന് ആളുകള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ശമ്ബളം നല്‍കി നാട്ടിലേയ്ക്കയക്കാമെന്ന് എഴുതിവെച്ച് ഖഫീല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. ടെന്റില്‍ ചെന്നയുടന്‍ തന്റെ തലപിടിച്ച് മണ്ണില്‍ കുത്തി ഖഫീല്‍ പ്രതികാരം തീര്‍ത്തു. കാര്‍ ഇടിപ്പിച്ചു. ഇനി പുറത്തുപോയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അതിനിടെയാണ് കഴിഞ്ഞ ദിവസം പോലീസ് അന്വേഷിച്ചെത്തിയത്. സ്റ്റേഷനിലെത്തിയപ്പോള്‍ കൊല്ലം സ്വദേശി നൗഷാദും ഇന്ത്യന്‍ എംബസിയുടെ ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. പോലീസ് ഖഫീലില്‍നിന്ന് ശമ്ബളം വാങ്ങി നല്‍കി. രക്ഷപ്പെടുത്തിയതില്‍ നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് 'മാതൃഭൂമി' യോട്. രക്ഷിക്കാനെത്തിയവര്‍ പത്രത്തിലെ വാര്‍ത്ത കാണിച്ചപ്പോഴാണ് അവിടത്തെ പോലീസ് അനുകൂല നിലപാടെടുത്തത്. ഇനി വിദേശത്തേയ്ക്കില്ല. ഡ്രൈവര്‍ ജോലിചെയ്ത് നാട്ടില്‍ കുടുംബത്തിനൊപ്പം സന്തോഷമായി കഴിയണം. അന്‍ഷാദ് പറഞ്ഞു.
0 Comments