എരിപുരം ശ്രീകൃഷ്ണക്ഷേത്രക്കുളം സംരക്ഷിക്കാനാളില്ല
പഴയങ്ങാടി: നൂറ്റാണ്ടിന്റെ പഴക്കമുള്ള എരിപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളം പായല്‍ നിറഞ്ഞും കാടുപിടിച്ചും ഉപയോഗശൂന്യമായി. തൊട്ടടുത്തുള്ള വലിയ ശുദ്ധജലസംഭരണിയായ കിണറും ഇതേ അവസ്ഥയിലാണ്. അരയേക്കറിലധികം വിസ്തൃതിയുള്ളതാണ് ക്ഷേത്രക്കുളം. മുന്‍പ് കല്‍പ്പടവുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പേരിന് ചിലയിടങ്ങളില്‍ മാത്രം .
മഴക്കാലത്ത് വെള്ളം നിറഞ്ഞുനില്‍ക്കുന്ന കുളം പ്രദേശത്തെ കിണറുകളുടെ വലിയ ജലസ്രോതസ്സുകൂടിയാണ്. ഈ സമയങ്ങളില്‍ ഒട്ടേറെ ആളുകള്‍ കുളിക്കാനും മറ്റുമായി ഇവിടെ എത്താറുണ്ട്. കുളം നാശത്തിന്റെ വക്കിലായതോടെ ഇതൊക്കെ പേരിന് മാത്രമായി.
1965-ല്‍ പഴയങ്ങാടി മേഖലയില്‍ കുടിവെള്ളക്ഷാമമുണ്ടായപ്പോള്‍ അന്നത്തെ കളക്ടറുടെ നിര്‍ദേശപ്രകാരം ചിറക്കല്‍ തമ്ബുരാന്‍ കുളത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് വലിയ കിണര്‍ കുഴിക്കാന്‍ അനുമതി നല്‍കി. ഈ കിണറില്‍നിന്ന് വെള്ളം വിതരണം നടത്താന്‍ അന്ന് പോലീസ് സ്റ്റേഷന് പിറകിലായി വലിയ ടാങ്കും പണി തിരുന്നു. പിന്നീട് ഈ ടാങ്ക് പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് തര്‍ക്കവും ഉണ്ടായി. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്നുള്ള വിതരണം തുടങ്ങിയതോടെ ഇത് പാടെ ഉപേക്ഷിക്കപ്പെട്ടു.
മൂന്നു പതിറ്റാണ്ട് മുന്‍പുവരെ വേനലിലും വര്‍ഷത്തിലും കുളം ജലസമ്ബന്നമായിരുന്നു. തൊട്ടടുത്ത പ്രദേശങ്ങളിലെ കിണറുകളിലെ ജലവിതാനം ഇതുമൂലം ഉയര്‍ന്നിരുന്നു. കുന്നിടിച്ചതും, ആഴത്തിലുള്ള കുഴല്‍ക്കിണര്‍ കുഴിച്ചതും കുളത്തിന്റെ ഉറവ ഇല്ലാതാക്കി. വേനല്‍കാലത്ത് കുളം നല്ലൊരു കളിസ്ഥലമായി മാറും.
വീടുകളിലും എരിപുരം, പഴയങ്ങാടി പട്ടണങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും എത്രയോ വര്‍ഷം വെള്ളം വിതരണംചെയ്തത് കുളത്തിനോട് ചേര്‍ന്നുള്ള കിണറില്‍നിന്നാണ്. ഇപ്പോള്‍ ഇവിടെനിന്നുള്ള പമ്ബിങ് പൂര്‍ണമായും നിര്‍ത്തി. പകരം, ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളമാണ് ഇവിടത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉപയോഗിക്കുന്നത്. ഇതില്‍നിന്ന് കൃത്യമായി പലപ്പോഴും വെള്ളം ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുമുണ്ട്.
ജലസേചനവകുപ്പിന് കീഴിലെ നല്ല വെള്ളമുള്ള കിണറാകട്ടെ കാടുപിടിച്ചുകിടക്കുന്നതിനാല്‍ ആരും തിരിഞ്ഞു നോക്കുന്നുമില്ല. സമീപത്തെ ചെറുതും വലുതുമായ പല പഴയ ജലവിതരണ കേന്ദ്രങ്ങളും ഇതേ അവസ്ഥയിലാണ്. ഇവ സംരക്ഷിച്ചാല്‍ ജപ്പാന്‍ കുടിവെള്ള വിതരണത്തില്‍ തടസ്സം നേരിടുമ്ബോള്‍ ബദല്‍മാര്‍ഗമാക്കാനാകും.


0 Comments