സര്‍വകലാശാല യൂണിയന്‍ കലാജാഥ ഇന്ന് സമാപിക്കും



കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലാജാഥ വെള്ളിയാഴ്ച മാനന്തവാടി ഗവ. കോളേജില്‍ സമാപിക്കും. വ്യാഴാഴ്ച കൂത്തുപറമ്ബ് നിര്‍മലഗിരി കോളേജില്‍നിന്ന് തുടങ്ങിയ പര്യടനം തലശ്ശേരി ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍ എസ്.എന്‍. കോളേജ്, കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ് എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷം കണ്ണൂര്‍ ടൗണില്‍ സമാപിച്ചു. 18 കലാകാരന്മാര്‍ അണിനിരക്കുന്ന കലാജാഥ 'വിത്തുകള്‍-2019' എന്ന പേരിലാണ് പര്യടനം നടത്തുന്നത്. ഇന്ത്യന്‍ കാമ്ബസുകളില്‍ നടന്നുവരുന്ന വിദ്യാര്‍ഥി ആത്മഹത്യ, അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പീഡനങ്ങള്‍, ജാതീയത, വര്‍ഗീയത എന്നീ വിഷയങ്ങളാണ് ജാഥ ചര്‍ച്ചചെയ്യുന്നത്. ജാഥാ ലീഡറും യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനുമായ ടി.കെ.ശിശിര, വിഷ്ണുരാജ്, എ.വി.അനൂപ്, ദര്‍ശന, സുകേഷ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.