പൗരത്വഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍, കണക്കുകളില്‍ കണ്ണുംനട്ട് മുന്നണികള്‍
ന്യൂഡല്‍ഹി: 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ലോക്സഭ പാസാക്കിയ പൗരത്വ (ഭേദഗതി) ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. അതേസമയം, ലോക്‌സഭയില്‍ ബില്ലനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണ് സൂചന. ആറ് മണിക്കൂര്‍ ചര്‍ച്ചയാണ് ബില്ലില്‍ നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ 240 അംഗങ്ങളാണ് സഭയിലുള്ളത്. ബില്‍ പാസാകാന്‍ 121 പേരുടെ പിന്തുണ വേണം. എന്‍.ഡി.എയ്ക്ക് 102 എംപിമാരുണ്ട്. ബില്ലിനെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി ജെ.ഡിയുവില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാജ്യസഭയില്‍ സഹകരിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി 63പേരാണ് ഉള്ളത്. ഇരുമുന്നണികളിലുമില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള 39 അംഗങ്ങള്‍ ബില്ലിനെ എതിര്‍ക്കും.124-130 ഇടയില്‍ വോട്ട് കിട്ടുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനങ്ങളെ തുടര്‍ന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വര്‍ഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള വിവാദ പൗരത്വ ഭേദഗതി ബില്‍ ദിവസങ്ങള്‍ക്ക് മുമ്ബാണ് ലോക് സഭ പാസാക്കിയത്. 391 അംഗങ്ങള്‍ പങ്കെടുത്ത് വോട്ടെടുപ്പില്‍ 311 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. 80 പേര്‍ ബില്ലിനെ എതിര്‍ത്തു. പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയര്‍ത്തിയ അതിരൂക്ഷ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിച്ചത്. അമിത് ഷായും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങളും അരങ്ങേറി. 82നെതിരെ 293 വോട്ടുകള്‍ക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്.


0 Comments