ഹൈക്കോടതി റിപ്പോര്‍ട്ട് തേടി, നഗരസഭ വിശദീകരണം നല്‍കണം
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം കാരണം ആദിവാസി വിഭാഗങ്ങള്‍ക്കുണ്ടാവുന്ന ദുരിതങ്ങളെ ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കളക്ടറോടും ലീഗല്‍സര്‍വീസ് അതോറിറ്റിയോടുമാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. ഈ മാസം 13-ന് കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഔട്ട്‌ലെറ്റിനെതിരേ സമരംചെയ്യുന്ന മാക്ക പയ്യമ്ബള്ളി, വെള്ള സോമന്‍, സുശീല, ജോപ്പി എന്നിവരുടെ റിട്ട് പെറ്റീഷനിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. പൊതു താത്പര്യത്തിന്റെ പശ്ചാത്തലത്തില്‍ വിഷയത്തെ സമീപിച്ച് കളക്ടര്‍ നിലവിലെ അവസ്ഥ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയും ആദിവാസികള്‍ക്ക് ഔട്ട്‌ലെറ്റ് കാരണമുണ്ടാവുന്ന ദുരിതങ്ങള്‍ സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. പൊതുതാത്പര്യത്തിന് വിരുദ്ധമായി ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കിയതിന് മാനന്തവാടി നഗരസഭയോടും കോടതി വിശദീകരണം തേടി. മുന്‍ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ 2016-ല്‍ പൂട്ടാന്‍ ഉത്തരവിട്ട ഔട്ട്‌ലെറ്റ് ഹൈക്കോടതിയില്‍നിന്ന് ലഭിച്ച സ്റ്റേയുടെ പിന്‍ബലത്തിലാണ് ഇപ്പോഴും വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്നത്. കേസ് വര്‍ഷങ്ങളായി നീട്ടിക്കൊണ്ടുപോവുന്നതിനിടെയാണ് സമരക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മുഷ്താഖ് അഹമദ് ആണ് കേസ് പരിഗണിച്ചത്.
സഹനസമരത്തിന്റെ 1401 ദിവസങ്ങള്‍
കത്തുന്ന വെയിലിനെയും കോരിച്ചൊരിയുന്ന മഴയെയും അതിജീവിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‍ലെറ്റ് പൂട്ടണമെന്ന ആവശ്യമായുള്ള ആദിവാസി അമ്മമാരുടെ സമരം 1401 ദിവസങ്ങള്‍ പിന്നിട്ടു. മാനന്തവാടി സബ്കളക്ടര്‍ ഓഫീസിന് മുന്നില്‍ റോഡരികില്‍ത്തന്നെ ടാര്‍പ്പായ വലിച്ചുകെട്ടിയാണ് സമരം. മാക്ക പയ്യമ്ബള്ളി, വെള്ള സോമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. 2016 ജനുവരി 27-ന് വള്ളിയൂര്‍ക്കാവ് റോഡില്‍ ഔട്ട്‌ലെറ്റിന് മുന്നില്‍ തന്നെയായിരുന്നു സമരം തുടങ്ങിയത്.
0 Comments