ഹെല്‍മെറ്റിന് വമ്പന്‍വില, കുട്ടികളുടേത് കിട്ടാനില്ല
കല്പറ്റ: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മെറ്റ് വാങ്ങാന്‍ കടകളില്‍ തിരക്കേറി. ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചവര്‍പോലും ഹെല്‍മെറ്റിനായി കടയിലെത്തുമ്ബോള്‍ കൂടിയ വില ഈടാക്കുന്നുവെന്നും ബില്ലു നല്‍കുന്നില്ലെന്നും പരാതിയുയരുന്നുണ്ട്. നിയമം വന്നതോടെ ആഴ്ചകള്‍ക്ക് മുമ്ബുവരെ കുറഞ്ഞവിലയില്‍ ലഭിച്ചിരുന്ന ഹെല്‍മെറ്റുകളാണ് വിലകൂട്ടി കടകളില്‍ വില്‍ക്കുന്നതെന്നാണ് പലയിടത്തും പരാതിയുയരുന്നത്. വാങ്ങുന്പോള്‍ ഹെല്‍മെറ്റ് ലഭിക്കുന്ന പെട്ടിയില്‍ എം.ആര്‍.പി. രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പെട്ടി നല്‍കാതെ കൂടിയ വില ഈടാക്കുന്നതായാണ് പരാതി.
നിലവാരമുള്ള ഹെല്‍മെറ്റുകള്‍ക്ക് ആയിരം രൂപ മുതല്‍ 2,500 രൂപ വരെ നല്‍കണം. 12,000 രൂപവരെയുള്ള ഹെല്‍മെറ്റുകള്‍ വിപണിയിലുണ്ട്. എന്നാല്‍ പേരിന് ഹെല്‍മെറ്റ് വെക്കുന്നവരാണ് ഭൂരിഭാഗമെന്നും വില കൂടിയ ഹെല്‍മെറ്റുകള്‍ കടയിലിരുന്ന് പൊടിപിടിക്കുകയാണെന്നും കച്ചവടക്കാര്‍ പറയുന്നു.
'കുട്ടി' ഹെല്‍മെറ്റിന് ആളുണ്ട്, കിട്ടാനില്ല
പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ കുട്ടികളുടെ ഹെല്‍മെറ്റിനും ആവശ്യക്കാരേറെയാണ്. എന്നാല്‍ കിട്ടാനില്ലാത്തതും കുട്ടി ഹെല്‍മെറ്റ് തന്നെ. നാളിതുവരെ ഒരാള്‍പ്പോലും വാങ്ങാനില്ലാതിരുന്ന കുട്ടികളുടെ ഹെല്‍മെറ്റാണ് ഒരാഴ്ചക്കുള്ളില്‍ പലകടകളിലും വിറ്റുതീര്‍ന്നത്. കല്പറ്റയിലെ കടകളില്‍ ഇപ്പോള്‍ കുട്ടികളുടെ ഹെല്‍മെറ്റ് ലഭ്യമല്ല. പല കടക്കാരും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും എപ്പോള്‍ കിട്ടുമെന്ന് അറിയില്ല. കുട്ടികള്‍ക്കായി പ്രത്യേകമായെത്തുന്ന ഹെല്‍മെറ്റിനാണ് ആളുകള്‍ കടകള്‍ കയറിയിറങ്ങുന്നത്. സാധനം ലഭിക്കാതായതോടെ പോലീസിനെ പേടിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവരുടെ ഹെല്‍മെറ്റാണ് പലരും തലയില്‍വെച്ചു കൊടുക്കുന്നത്. എന്നാല്‍ പിന്‍സീറ്റിലിരിക്കുന്ന കുരുന്നുകള്‍ക്ക് ഇത് സുരക്ഷിതമല്ല.
0 Comments