താമരയുള്ള പാസ്പോര്‍ട്ടുകള്‍: വിശദീകരിക്കാനാവാതെ ജീവനക്കാര്‍
കോഴിക്കോട് : പാസ്പോര്‍ട്ട് ഓഫീസുകളില്‍ പുതുതായി വിതരണത്തിനെത്തിയ ബുക്ക്‌ലെറ്റുകളില്‍ താമര അടയാളപ്പെടുത്തിയത് ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. പാസ്പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിലാണ് ദീര്‍ഘചതുരത്തിലുള്ള കള്ളിയില്‍ താമര രേഖപ്പെടുത്തിയത്. ഇത് എന്തിനാെണന്ന് സംശയം ചോദിക്കുന്നവരോട് കൃത്യമായ മറുപടിപറയാനാവാതെ ജീവനക്കാര്‍ കുഴങ്ങുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുചിഹ്നം രേഖപ്പെടുത്തിയതാണ് പലരിലും സംശയം ജനിപ്പിക്കുന്നത്.
മുമ്ബുനല്‍കിയിരുന്ന പാസ്പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോള്‍ ഈ പേജിന്റെ താഴത്താണ് ദീര്‍ഘചതുരത്തില്‍ താമരയുള്ളത്.
പാസ്പോര്‍ട്ടില്‍ ആളുടെ പേര്, വിലാസം തുടങ്ങിയവ എഴുതുന്ന ഭാഗത്തും മാറ്റമുണ്ട്. മുമ്ബ് ഇതിനെല്ലാം പ്രത്യേകം കോളമുണ്ട്. ഇപ്പോള്‍ ഇത് നീക്കംചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യം ബെംഗളൂരു പാസ്പോര്‍ട്ട് ഓഫീസിലാണ് പുതിയ കോഡുകളുള്ള പാസ്പോര്‍ട്ട് ബുക്ക്‌ലെറ്റ് എത്തിയത്. കേരളത്തില്‍ കൊച്ചിയില്‍ നവംബര്‍ അവസാനവാരത്തിലാണ് വിതരണം തുടങ്ങിയത്. ഇപ്പോള്‍ രാജ്യത്തെ 36 പാസ്പോര്‍ട്ട് ഓഫീസുകളിലും ഇതാണ് ഉപയോഗിക്കുന്നത്.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗം
സുരക്ഷ കൂട്ടാനും വ്യാജപാസ്പോര്‍ട്ടുകള്‍ കണ്ടെത്താനുമാണ് ബുക്ക്‌ലെറ്റുകളുടെ ഡിസൈനില്‍ മാറ്റംവരുത്തിയതെന്ന് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജി പറഞ്ഞു. ലേറ്റന്റ് ഇമേജായാണ് രണ്ടാംപേജില്‍ ദീര്‍ഘചതുരത്തില്‍ താമര ഉള്‍പ്പെടുത്തിയത്. പേജിന്റെ എതിര്‍വശത്തുനിന്ന് നോക്കിയാല്‍ ഇത് തെളിഞ്ഞുകാണാം. ഇതിനുപുറമേ ഇന്ത്യ എന്നും ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡപ്രകാരമാണ് ഇത്തരം സുരക്ഷാകോഡുകള്‍ കൊണ്ടുവരുന്നത്. ഇവ പരിശോധിച്ചാണ് വിമാനത്താവളങ്ങള്‍, എമിഗ്രേഷന്‍, എംബസികള്‍ എന്നിവിടങ്ങളില്‍ പാസ്പോര്‍ട്ടുകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തുന്നത്. താമര, ഇന്ത്യ എന്നുള്ളതിനുപുറമേ പത്തോളം കോഡുകള്‍ വേറെയും ഉണ്ട്. ഇത് പരസ്യപ്പെടുത്തുന്നത് ശരിയല്ല. ദേശീയപുഷ്പമായ താമര കോഡ് കുറച്ചുകഴിയുന്പോള്‍ മാറ്റും. താമര തിരഞ്ഞെടുത്തതിനുപിന്നില്‍ മറ്റൊരു ലക്ഷ്യവുമില്ല. ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അരുണ്‍ ചാറ്റര്‍ജി വ്യക്തമാക്കി.
0 Comments