ഗുരുവായൂരിന്റെ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍; ഇ.ശ്രീധരനെ മുഖ്യ ഉപദേശകനാക്കാന്‍ മന്ത്രിതല യോഗം തീരുമാനം
ഗുരുവായൂര്‍; ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ മെട്രോമാന് ഇ.ശ്രീധരനെ മുഖ്യ ഉപദേശകനാക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചു. ഗുരുവായൂരില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. ദേവസ്വവും, നഗരസഭയും യോജിച്ചാവണം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്.അഴുക്കുചാല്‍പദ്ധതി, കരുവന്നൂര്‍ ശുദ്ധജല പദ്ധതി, റെയില്‍വേ മേല്‍പ്പാലം എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കണം. അഴുക്കുചാല്‍ പദ്ധതിയുടെ പുരോഗതി ആഴ്ച തോറും കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എയെ അറിയിക്കണം.റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് തടസം റവന്യു വകുപ്പിന്റെ അനാസ്ഥയാണെന്ന് യോഗം വിലയിരുത്തി. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ റവന്യു വകുപ്പിനോട് ആവശ്യപ്പെടും.അടിപ്പാതക്കാവശ്യമായ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ദേവസ്വത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ തടയുന്നതായി ദേവസ്വം യോഗത്തില്‍ അറിയിച്ചു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അത്യാധുനീക സാങ്കേതിക വിദ്യ പ്രയോജനപെടുത്തണം.ഇതിന് ഇ.ശ്രീധരന്റെ ഉപദേശം തേടണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, കെ.കൃഷ്ണന്‍കുട്ടി, കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ വി.എസ്.രേവതി, ദേവസ്വം ചെയര്മാന് കെ.ബി.മോഹന്‍ദാസ്, മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ.പ്രകാശന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്.വി.ശിശിര്‍, മുന്‍ നഗരസഭ വൈസ് ചെയര്മാന് കെ.പി.വിനോദ്്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മെട്രോമാന് ഇ.ശ്രീധരെ പങ്കെടുപ്പിച്ച് നടത്തിയ വികസന സെമിനാറിന്റെ തുടര്‍ നടപടിയായാണ് ഇന്നലെ മന്ത്രിതല ചര്‍ച്ച നടന്നത്.ഇ.ശ്രീധരനെ ഗുരുവായൂര്‍ വികസനത്തിന്റെ മുഖ്യ ഉപദേഷ്ടാവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.വി.മുഹമ്മദ് യാസിന്,സെക്രട്ടറി രവി ചങ്കത്ത് എന്നിവര്‍ അഭിനന്ദിച്ചു.
0 Comments