രാവിലെ ലോട്ടറിയെടുത്ത ഷാജി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കോടീശ്വരന്‍
കോവളം: കൈയില്‍ ആകെയുള്ള 50 രൂപ കൊടുത്ത് ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ലോട്ടറിയെടുത്തു. വൈകീട്ട് നാലിന് കോടിപതി. പെട്ടെന്ന് കയറിവന്ന ഭാഗ്യത്തിന്റെ ഞെട്ടലിലും പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലുമാണ് ചൊവ്വര വണ്ടാഴംനിന്ന വീട്ടില്‍ കൃപാസദനത്തില്‍ ഷാജിയെന്ന മുപ്പത്തിമൂന്നുകാരന്‍. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിരൂപയാണ് ഷാജിക്ക് ലഭിച്ചത്.
കെ.ഡി-841039 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ചൊവ്വരയിലെ ടാക്സി ഡ്രൈവറാണ് ഷാജി. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. ലോട്ടറി നമ്ബറിന്റെ അവസാനം 9, 12 എന്നീ നമ്ബരുകളുണ്ടെങ്കില്‍ ഷാജി കടം വാങ്ങിയെങ്കിലും ലോട്ടറിയെടുത്തിരിക്കും. ഒരിക്കല്‍ കൂട്ടുകാരായ ഡ്രൈവര്‍മാര്‍ക്കൊപ്പംചേര്‍ന്ന് 3000 രൂപയ്ക്ക് ലോട്ടറിയെടുത്തു. കിട്ടിയത് 600 രൂപയുടെ സമ്മാനം. ഇതോടെയാണ് തുടര്‍ച്ചയായി ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങിയത്.
ചെറുവെട്ടുകാട് സെന്റ് സെബാസ്ത്യാനോസ് പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരനാണ് ഷാജി. ലോട്ടറിയടിച്ചാല്‍ പള്ളിയിലേക്ക് പുത്തന്‍ മ്യൂസിക് സിസ്റ്റം വാങ്ങി നല്‍കാമെന്ന് ഇതേ പള്ളിയിലെ കപ്യാരും സുഹൃത്തുമായ സന്തോഷിനോട് വെള്ളിയാഴ്ച രാത്രി കരോള്‍ഗാനം പാടുന്നതിനിടെ ഷാജി പറഞ്ഞിരുന്നു. രാവിലെ കൈയിലുണ്ടായിരുന്ന പൈസയില്‍ അമ്മ ഉഷയ്ക്ക് കൊടുത്തതിനുശേഷം മിച്ചമുണ്ടായിരുന്ന 50 രൂപയ്ക്കാണ് ലോട്ടറി വില്‍പ്പനക്കാരനായ നെല്ലിമൂട് ശ്രീധരന്റെ പക്കല്‍ നിന്ന് ലോട്ടറി വാങ്ങിയത്. ബന്ധുവായ മനുവാണ് ലോട്ടറി ഫലത്തെക്കുറിച്ച് വൈകീട്ട് അറിയിച്ചത്. എസ്.ബി.ഐ.യുടെ ചൊവ്വര ബ്രാഞ്ച് മാനേജര്‍ ആര്‍.എസ്.ദിവ്യ വീട്ടിലെത്തി ഒന്നാംസമ്മാനം കിട്ടിയ വാര്‍ത്ത പറഞ്ഞു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ടിക്കറ്റ് മാനേജരെ ഏല്‍പ്പിച്ചു.
ചാണകം മെഴുകിയ വീടിനെ ഇന്നത്തെ നിലയിലുള്ള വീടാക്കി തന്നതും ടാക്സി കാര്‍ വാങ്ങിത്തന്നതും ഭാര്യ അഞ്ജുവിന്റെ അച്ഛന്‍ രാജുവാണ്. ബാങ്കില്‍ പണയമിരിക്കുന്ന ഭാര്യയുടെ സ്വര്‍ണം തിരികെയെടുക്കണം. സഹോദരി ഷൈനിക്കും കുറച്ച് തുക നല്‍കണം. സുഹൃത്ത് സന്തോഷിന് ഓട്ടോറിക്ഷ വാങ്ങിനല്‍കണം. ഏക മകന്‍ മൂന്നുവയസ്സുകാരനായ ഡാനിയുടെ പേര്‍ക്ക് ഒരു തുക നിക്ഷേപിക്കണം ഇതൊക്കെയാണ് ഷാജിയുടെ ആഗ്രഹങ്ങള്‍.


0 Comments