തുരുത്തി ബൈപ്പാസ് പ്രശ്നം: കെ. സുധാകരൻ എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു.

നാഷണൽ ഹൈവേ അതോറിറ്റിക്ക് വേണ്ടി
2010, 2013,2016 വർഷങ്ങളിൽ സംസ്ഥാന സർക്കാർ എൻ.എച്ച് 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പദ്ധതി നിർദ്ദേശം അട്ടിമറിച്ചതിനെ കുറിച്ചും ജനങ്ങൾക്കുള്ള പ്രയാസങ്ങളെ സംബന്ധിച്ചും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കെ.സുധാകരൻ എം.പി.ചർച്ച നടത്തി.

2010, 2013,2016 വർഷങ്ങളിൽ മൂന്ന് പ്രാവശ്യം റീഅലൈൻമെന്റ് നടത്താൻ പ്രൊപ്പോസൽ സമർപ്പിക്കുകയും നാഷണൽ ഹൈവേ അതോറിറ്റി ഈ പ്രൊപ്പോസൽ അംഗീകരിക്കുകയും ചെയ്തതിന് ശേഷം പുതിയ എൽ.ഡി എഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതോടെ ബൈപ്പാസ് സംബദ്ധിച്ച ആദ്യത്തെ പദ്ധതി നിർദ്ദേശങ്ങൾ നിലവിലുള്ള നാഷണൽ ഹൈവേ 66 രണ്ട് ഭാഗത്തേക്കും വികസിപ്പിക്കാനുള്ള പദ്ധതി മാറ്റുകയാണ് കേരള സർക്കാർ ചെയ്തിട്ടുള്ളത്.

നാഷണൽ ഹൈവേയുടെ കൈവശമുള്ള സ്ഥലത്തേക്ക് മാത്രം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട പദ്ധതി എൽ.ഡി.എഫ് ഗവൺമെന്റ് പ്രത്യേകിച്ച് കാരണമോ നീതികരണമോ ഇല്ലാതെ അട്ടിമറിച്ചത് ഗൂഢലക്ഷ്യത്തോടെയാണ്.
എൽ.ഡി.എഫ് സർക്കാർ സമർപ്പിച്ച പുതിയ പദ്ധതി നിർദ്ദേശ പ്രകാരം നാഷണൽ ഹൈവേയിൽ മൂന്ന് വളവുകൾ സൃഷ്ടിക്കപ്പെടുന്ന രൂപത്തിലുള്ള അലൈൻമെന്റ് പ്ലാനാണ് സംസ്ഥാന സർക്കാർ തയ്യാറാക്കിയത്.
ഇത് തുരുത്തി പ്രദേശത്തെ നാല്പതോളം കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതും ഇവിടെയുള്ള 25 ദളിത് കുടുംബങ്ങളെയും 15 സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന കുടുംബാംഗങ്ങളുടെയും കിടപ്പാടം നഷ്ടപ്പെടുന്ന രൂപത്തിലുള്ളതാണ്.

ഇത്തരത്തിലുള്ള നടപടി നാഷണൽ ഹൈവേ അതോറിറ്റിയെ മുന്നോട്ട് നയിക്കുന്ന മൂല്യങ്ങളുടെ ലംഘനവും പ്രദേശത്തെ സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബാംഗങ്ങളുടെ രാഷ്ട്രീയപരമായ സ്വാധീനത്തിന്റെ ഫലമായാണ് സൃഷ്ടിക്കപ്പെട്ടത് എന്നും മൂന്ന് പ്രാവശ്യം അംഗീകരിച്ച പദ്ധതി നിർദ്ദേശം മാറ്റി ഇത്തരത്തിലുള്ള നഗ്നമായ നിയമ ലംഘനത്തിലേക്ക് നയിക്കപ്പെട്ടത് ശരിയല്ല എന്നും കെ.സുധാകരൻ എം.പി ദേശീയപാത അലൈൻമെന്റ് വിഭാഗം ഡയരക്ടറെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും കണ്ട് ബോധ്യപ്പെടുത്തുകയും നിവേദനം നല്കുകയും ചെയ്തു. തുരുത്തി ബൈപ്പാസുമായി ബന്ധപ്പെട്ട കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നല്കുകയും ചെയ്തതായി കെ.സുധാകരൻ എം.പി. വാർത്താകുറിപ്പിൽ അറിയിച്ചു.