ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ല: കമ്മീഷന്‍ അംഗം
ജില്ലയിലെ ജനങ്ങള്‍ ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോധവാന്മാരല്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ജില്ലകളെ അപേക്ഷിച്ച് പരാതികള്‍ കുറവുള്ള ജില്ലയാണ് കണ്ണൂര്‍. ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതാണ് ഇതിന് കാരണമായി സംശയിക്കുന്നത്. കമ്മീഷന്റെ സേവനങ്ങള്‍, ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ എന്നിവ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം, സാസ്‌കാരികം, സാമൂഹികം, ശാക്തീകരണം തുടങ്ങി ഏത് രീതിയിലുള്ള പരാതികളും കമ്മീഷന്‍ സ്വീകരിക്കും. ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് സെമിനാറുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്നും ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും കമ്മീഷന്‍ അറിയിച്ചു. പടപ്പേങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് അനധികൃതമായി പണം ഈടാക്കുന്നുവെന്ന പരാതിയില്‍ വിഷയത്തില്‍ ഇടപെടുമെന്ന് കമ്മീഷന്‍ അറിയിച്ചു. നിലവില്‍ രണ്ട് പള്ളികളുടെ പരിധിയിലുള്ളവരുടെ ഖബറടക്കമാണ് ഇവിടെ നടക്കുന്നത്. 5000, 3000 എന്നിങ്ങനെ വ്യത്യസ്ത തുകകളാണ് ഈടാക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കാസര്‍കോട് ജില്ലയിലെ ആര്‍ ഡി ഒ ഓഫീസില്‍ സ്റ്റാമ്പ് വാങ്ങിയില്ലെന്ന കാരണത്താല്‍ സേവനം നിഷേധിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. പൊലീസില്‍ നിന്നും നീതി കിട്ടിയില്ലെന്ന യുവതിയുടെ പരാതിയില്‍ പൊലീസിനോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ ജില്ലയിലെ നാല് കേസുകളും കാസര്‍കോട് ജില്ലയിലെ മൂന്ന് കേസുകളുമാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ നാല് കേസുകളില്‍ പരാതിക്കാര്‍ ഹാജരായി.
0 Comments